വണ്ടിച്ചെക്ക് കേസില്‍ ദുബായില്‍ ജയിലില്‍ കഴിയുന്ന പ്രമുഖ വ്യവസായി അറ്റ്ലസ് രാമചന്ദ്രന്റെ മോചത്തന് വഴിയൊരുങ്ങുന്നു. രാമചന്ദ്രന് പണം നല്‍കാനുള്ള ബാങ്കുകളുമായി അദ്ദേഹത്തിന്റെ അഭിഭാഷകര്‍ ഒത്തുതീര്‍പ്പിലെത്തിയതിനെ തുടര്‍ന്നാണിത്. മോചനത്തിനായി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് രാമചന്ദ്രന്റെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയന് അപേക്ഷ നല്കി.
വായ്പ ബാങ്ക് വായ്പകളുടെ തിരിച്ചടവ് മുടങ്ങുകയും ചെക്കുകള്‍ മടങ്ങുകയും ചെയ്തതിനെത്തുടര്‍ന്ന് ബാങ്കുകള്‍ നല്കിയ പരാതികളുടെ അടിസ്ഥാനത്തിലാണ് തൃശൂര്‍ സ്വദേശിയായ അറ്റ്ലസ് രാമചന്ദ്രനെ ദുബായ് പൊലീസ് 2015ല്‍ കസ്റ്റഡിയിലെടുത്തത്. പതിനഞ്ചിലേറെ ബാങ്കുകളില്‍നിന്നാണ് അറ്റ്ലസ് ഗ്രൂപ്പ് 550 ദശലക്ഷം ദിര്‍ഹം (ആയിരം കോടിയോളം രൂപ) വായ്പയെടുത്തിരുന്നത്. അഞ്ചു കോടി ദിര്‍ഹത്തിന്റെ ചെക്കുകള്‍ മടങ്ങിയതുമായി ബന്ധപ്പെട്ട് ആറു കേസുകളാണു ദുബായിലുള്ളത്. ഇതില്‍ ഒന്ന് 3.4 കോടി ദിര്‍ഹത്തിന്റെ ചെക്കാണ്. യുഎഇ ബാങ്കുകള്‍ക്കു പുറമെ, ദുബായില്‍ ശാഖയുള്ള ഇന്ത്യന്‍ ബാങ്കായ ബാങ്ക് ഓഫ് ബറോഡയില്‍നിന്നും വായ്പയെടുത്തിരുന്നു. ഈ പണം ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലും മറ്റും നിക്ഷേപത്തിനു വകമാറ്റിയതാണു പ്രശ്നമായതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വായ്പ തിരിച്ചടയ്ക്കാത്തതിനെത്തുടര്‍ന്നു ബാങ്കുകള്‍ രാമചന്ദ്രനുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് 15 ബാങ്കുകളുടെയും അധികൃതര്‍ യോഗം ചേര്‍ന്ന് യുഎഇ സെന്‍ട്രല്‍ ബാങ്കിനെ സമീപിക്കുകയും പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു.













