ആഭ്യന്തരകലഹത്തില്‍ നട്ടംതിരിയുന്ന സംസ്ഥാന ബി.ജെ.പി.യിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ലോക്സഭാ തെരഞ്ഞെടുപ്പിനു പാര്‍ട്ടിയെ സജ്ജമാക്കുന്നതിനുമായി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ചൊവ്വാഴ്ച തിരുവനന്തപുത്തെത്തും. കുമ്മനം രാജശേഖരന്റെ പിന്‍ഗാമിയെ കണ്ടെത്താനാവാതെ വിഷമിക്കുന്ന സംസ്ഥാന ബി.ജെ.പി.യിലെ പ്രതിസന്ധികള്‍ അതിഗൗരവത്തോടെയാണ് അമിത് ഷായും സംഘവും കാണുന്നത്. കുമ്മനത്തെ ഒഴിവാക്കിയതിന്റെ പേരില്‍ ഇടഞ്ഞുനില്‍ക്കുന്ന ആര്.എസ്.എസ് നേതൃത്വവുമായുള്ള കൂടിക്കാഴ്ചയാണ് സന്ദര്‍ശന പരിപാടിയിലെ മുഖ്യ അജന്‍ഡ.
പാര്‍ട്ടിയിലെ ശക്തനായ നേതാവായിരിക്കെ ഒഴിവാക്കപ്പെട്ട പി.പി. മുകുന്ദനുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് സൂചനയുണ്ട്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ചുമതലയുള്ള പാര്‍ട്ടി സംഘടനാ സെക്രട്ടറിയായിരിക്കെയാണ് മുകുന്ദന് 2009-ല്‍ പാര്‍ട്ടി നേതൃത്വത്തില്‍നിന്ന് ഒഴിവാക്കപ്പെടുന്നത്. മുകുന്ദനെ പാര്‍ട്ടി നേതൃത്വത്തിലേക്ക് തിരികെ വിളിക്കണമെന്ന് ചില കോണുകളില്‍നിന്ന് ആവശ്യം ഉയര്‍ന്നിട്ടുള്ള സാഹചര്യത്തില്‍, അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയാല്‍ അതിനു രാഷ്ട്രീയ പ്രാധാന്യമുണ്ട്.

തൈക്കാട് സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ വിശ്രമിച്ച ശേഷം ഉച്ചയ്ക്ക് 12 മുതല്‍ മൂന്നുവരെ സംസ്ഥാന കോര്‍ കമ്മിറ്റി യോഗത്തില്‍ അദ്ദേഹം പങ്കെടുക്കും. 3.30 മുതല്‍ 4.30 വരെ പാര്‍ലമെന്റ് മണ്ഡലങ്ങളുടെ ചുമതലയുള്ളവരുടെയും പ്രഭാരിമാരുടെയും സംയുക്തയോഗത്തില്‍ സംബന്ധിക്കും. ഹോട്ടല്‍ അപ്പോളോ ഡിമോറയിലാണ് ഇരു യോഗങ്ങളും.
തിരുവനന്തപുരം, ആറ്റിങ്ങല്‍, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മാവേലിക്കര എന്നീ പാര്‍ലമെന്റ് മണ്ഡലങ്ങളിലെ ഇന്‍-ചാര്‍ജുമാരുടെ കണ്വെന്ഷന് അദ്ദേഹം ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് ഇടപ്പഴഞ്ഞി ആര്.ഡി.ആര്. കണ്വെന്ഷന് സെന്ററിലാണ് ഈ യോഗം. രാത്രി ഏഴരയ്ക്ക് ആര്.എസ്.എസ്. നേതാക്കളുമായുള്ള കൂടിക്കാഴ്ച സംസ്കൃതി ഭവനില്‍ നടക്കും.
രാത്രി ഒമ്ബതിന് ലക്ഷദ്വീപിലെ പാര്‍ട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. തൈക്കാട് സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലാണ് യോഗം. ബുധനാഴ്ച രാവിലെ അദ്ദേഹം ഡല്‍ഹിക്ക് മടങ്ങും. ദേശീയ സഹ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്, അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വി. മുരളീധര്‍റാവു, ദേശീയ സെക്രട്ടറി എച്ച്. രാജ, നളിന്‍ കുമാര്‍ കട്ടീല്‍ എം.പി. എന്നിവരും വിവിധ യോഗങ്ങളില്‍ പങ്കെടുക്കും.













