അമരക്കാരനായി അമര്‍ജിത്; ബാഴ്സയും ഇനിയേസ്റ്റയും കൂട്ട്


മണിപ്പുര്‍ വിട്ട് ചണ്ഡീഗഢ് ഫുട്ബോള്‍ അക്കാദമിയില്‍ ചേരണമെന്ന അച്ഛന്റെ ഉപദേശം തന്റെ ജീവിതം മാറ്റിമറിക്കുമെന്ന് അമര്‍ജിത് സിങ് ഒരിക്കലും കരുതിയില്ല. ഇന്ത്യന്‍ ഫുട്ബോളിനെ ആദ്യമായി ലോകകപ്പില്‍ നയിക്കാനുള്ള ചരിത്രപരമായ നിയോഗമാണ് ഉപദേശം സ്വീകരിച്ചതിലൂടെ കൈവന്നത്.
2011-ലാണ് പത്തുവയസ്സുകാരനായ അമര്‍ജിത്തും കൂട്ടുകാരും അക്കാദമിയില്‍ പ്രവേശനത്തിനായി ചണ്ഡീഗഢിലെത്തിയത്. അവസരവും കാത്ത് കൗമാരതാരങ്ങളുടെ നീണ്ട നിര തന്നെയുണ്ടായിരുന്നു അവിടെ. ട്രയല്‍സില്‍ തന്റെ ഊഴം കാത്തിരിക്കുന്നതിനിടയില്‍ കൂട്ടുകാര്‍ക്കൊപ്പം പന്ത് തട്ടാനിറങ്ങിയ അമര്‍ജിത്തിനെ അക്കാദമിയുടെ പരിശീലകനും ഇന്ത്യയുടെ മുന്‍നായകനുമായ ഹര്‍ജിന്ദര്‍ സിങ് കണ്ടു.
താരത്തിന്റെ നൈസര്‍ഗികമായ കഴിവ് കണ്ടറിഞ്ഞ അദ്ദേഹം അക്കാദമിയിലേക്ക് സെലക്ഷനും നല്‍കി. അസാധാരണ പ്രതിഭയെ കണ്ടെടുത്തെന്നായിരുന്നു ഹര്‍ജിന്ദറിന്റെ പ്രതികരണം.
ബാഴ്സലോണയെ ഇഷ്ടപ്പെടുന്ന ഈ മധ്യനിരതാരം ക്യാമ്ബില്‍ വേഗത്തിലും സാങ്കേതികത്തികവിലും മുന്നിട്ടു നിന്നു. എന്നാല്‍, ശാരീരിക ക്ഷമതയില്‍ പിന്നാക്കം പോയി. പിന്നീട് ശാരീരികക്ഷമത നേടിയെടുക്കാനുള്ള കഠിനമായ ശ്രമമായിരുന്നു. തിങ്കള്‍ മുതല്‍ ശനി വരെ പ്രവര്‍ത്തിച്ചിരുന്ന അക്കാദമിയിലെ കുട്ടികള്‍ക്ക് ഞായാറാഴ്ച വിശ്രമദിനമായിരുന്നു. എന്നാല്‍, അവധി ദിവസംപോലും ഉപേക്ഷിച്ച്‌ കഠിനാധ്വാനം ചെയ്ത നാല് വര്‍ഷങ്ങളാണ് താരത്തിന്റെ തലവര മാറ്റിയത്.
2015-ല്‍ ഗോവയില്‍ നടന്ന അക്കാദമികളുടെ പോരാട്ടത്തില്‍ അമര്‍ജിത്തിന്റെ ഭാഗ്യം തെളിഞ്ഞു. അമര്‍ജിത്തടക്കം അഞ്ച് താരങ്ങള്‍ക്ക് അക്കാദമിയില്‍ നിന്ന് ദേശീയ ടീമിന്റെ ക്യാമ്ബിലേക്ക് സെലക്ഷന്‍ കിട്ടി. ഇന്ത്യന്‍ ടീമിന്റെ മുന്‍പരിശീലകന്‍ നിക്കോളായ് ആദമിന്റെ ഇഷ്ടം പിടിച്ചു പറ്റിയതോടെ അമര്‍ജിത്തിന് മുഖ്യടീമിലേക്കും വിളി വന്നു.
ടീമിന്റെ മധ്യനിര ഭരിക്കുന്ന താരത്തിന്റെ നേതൃപാടവം ക്യാപ്റ്റനാകാന്‍ പരിശീലകന്‍ നോര്‍ട്ടന്‍ മാറ്റോസ് നടത്തിയ വോട്ടെടുപ്പില്‍ തെളിയുകയും ചെയ്തു. ആകെയുള്ള 27 വോട്ടില്‍ 26 പേരുടെ പിന്തുണയും നേടിയാണ് അമര്‍ജിത്ത് നായകനായത്. ഇഷ്ടതാരമായി ആന്ദ്രെ ഇനിയേസ്റ്റയെ ആരാധിക്കുന്ന അമര്‍ജിത്തിന് മധ്യനിരയില്‍ ക്യാപ്റ്റന്റെ റോള്‍ നിര്‍വഹിക്കാനായാല്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ലോകകപ്പില്‍ ചരിത്രമെഴുതും.




Sharing is Caring