അഭയാര്‍ഥികള്‍ക്ക് നേരെ ചാവേറാക്രമണം; 26 മരണം


സിറിയയില്‍ ആഭ്യന്തരയുദ്ധത്തിനിടെ അഭയാര്‍ഥികളാക്കപ്പെട്ടവര്‍ക്കു നേരെയുണ്ടായ ചാവേര്‍ ബോംബ് ആക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ 12 പേര്‍ കുട്ടികളാണ്.പരിക്കേറ്റ നിരവധി പേരില്‍ ചിലരുടെ നില അതീവ ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയരുമെന്ന് നിരീക്ഷണ സംഘടന അറിയിച്ചു.


ഐഎസ് ഇറാക്കിലെയും സിറിയയിലെയും പ്രദേശങ്ങള്‍ ചേര്‍ത്ത് രൂപീകരിച്ച ഖാലിഫേറ്റ് അതിന്റെ അന്ത്യത്തോട് അടുക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. അതോടൊപ്പം തന്നെ ഈ മാസം മൂന്നിന് ദേര്‍ അല്‍ സോര്‍ നഗരത്തെ ഐഎസ് ഭീകര സംഘടനയുടെ പിടിയില്‍നിന്നു മോചിപ്പിച്ചതായി സൈന്യം അവകാശപ്പെട്ടിരുന്നു.


ഖാലിഫേറ്റിന്‍റെ ആസ്ഥാനമായ റാഖാ അമേരിക്കൻ പിന്തുണയുള്ള സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സ് പിടിച്ചിരുന്നു. സിറിയയിലെ മറ്റു പല പ്രദേശങ്ങളിൽ നിന്നും ഐഎസിനെ റഷ്യൻ പിന്തുണയുള്ള സിറിയൻ സൈന്യം തുരത്തി. ഇനി അൽബുകമാൽ, ഡമാസ്കസ് പ്രാന്തത്തിലുള്ള പ്രദേശം, സെൻട്രൽ ഹമാ പ്രവിശ്യയിലെ ചില പ്രദേശങ്ങൾ എന്നിവിടങ്ങളിൽ മാത്രമാണ് ഐഎസ് സാന്നിധ്യമുള്ളത്.



Sharing is Caring