അന്ന് രോഹിണി സിംഗ് റോബര്‍ട്ട് വദ്രയുടെ അഴിമതി പുറത്തു കൊണ്ട് വന്നപ്പോള്‍ ബിജെപി പറഞ്ഞു ആഹാ!; അമിത് ഷായുടെ മകന്റെ അഴിമതി പുറത്തു വന്നപ്പോള്‍ പറയുന്നു ഓഹോ!


ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷായുടെ അവിഹിത സാമ്പത്തിക ഇടപാടുകള്‍ പുറത്ത് കൊണ്ട് വന്ന പ്രമുഖ ഓണ്‍ലൈന്‍ മാധ്യമമായ ദ വയറിനെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് ആണ് ഫയല്‍ ചെയ്തിരിക്കുന്നത്. ഇത് കെട്ടിച്ചമച്ച ആരോപണമാണെന്ന് ആരോപിച്ചാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
ദ വയറിലെ മാധ്യമ പ്രവര്‍ത്തക രോഹിണി സിംഗാണ് ഈ ഇടപാട് പുറത്ത് കൊണ്ട് വന്നത്. രോഹിണിക്കെതിരെ വലിയ ആരോപണങ്ങളാണ് ബിജെപി ഉയര്‍ത്തുന്നത്. നേരത്തെ യുഎപിഎ ഭരണകാലത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകനായ റോബര്‍ട്ട് വദ്രയും റിയല്‍ എസ്‌റ്റേറ്റ് ഭീമന്‍മാരായ ഡിഎല്‍എഫുമായ അവിഹിത സാമ്പത്തിക ഇടപാടുകളെ പുറത്ത് കൊണ്ട് വന്നതും രോഹിണി സിംഗ് ആണ്. അന്ന് പ്രതിപക്ഷത്തായിരുന്ന ബിജെപി ഈ ആരോപണത്തെ മുന്‍നിര്‍ത്തി വലിയ പ്രക്ഷോഭങ്ങള്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അതേ രോഹിണി സിംഗ് ഉയര്‍ത്തിയ ആരോപണത്തെ അംഗീകരിക്കാന്‍ തയ്യാറല്ല എന്നത് സോഷ്യല്‍ മീഡിയയിലും പുറത്തും വലിയ ചര്‍ച്ചയായി.
കമ്പനി രജിസ്റ്ററാര്‍ ഓഫീസില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ദി വയര്‍ ഡോട് കോം ആണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.
2013-2014 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി രജിസ്റ്റാര്‍ ഓഫിസില്‍ നല്‍കിയ വാര്‍ഷിക റിപ്പോര്‍ട്ടും അവിടെ സമര്‍പ്പിച്ച ബാലന്‍സ് ഷീറ്റിലും നല്‍കിയ കണക്കുകള്‍ പ്രകാരം 6230, 1724 രൂപയുടെ നഷ്ടത്തിലാണ്. എന്നാല്‍ 2014 ല്‍ മോഡി അധികാരത്തിലെത്തിയ ആദ്യസാമ്പത്തികവര്‍ഷം 2014-2015 വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നത് ഷാ കമ്പനിക്ക് ആ ഒരു വര്‍ഷം 18728 രൂപ ലാഭം ലഭിച്ചുവെന്നാണ്. 2015-16 സാമ്പത്തിക വര്‍ഷം കമ്പനിയുടെ ലാഭം 16000 ഇരട്ടിയായി, 80.5 കോടി രൂപയായി ഉയര്‍ന്നതായും രേഖകള്‍ ചൂണ്ടികാട്ടുന്നു. രാജ്യസഭ എംപിയും റിലയന്‍സ് ഉന്നത ഉദ്യോഗസ്ഥനുമായ പരിമാള്‍ നത്വാനിയുടെ മരുമകന്‍ രാജേഷ് കന്തവാലയുടെ ധനകാര്യസ്ഥാപനത്തില്‍ നിന്നും 15.78 കോടി രൂപ വായ്പ എടുത്ത സമയത്താണ് ഷാ കമ്പനിക്ക് ഏറ്റവും വലിയ ലാഭമുണ്ടാക്കിയത്.
ഒരു വര്‍ഷം കഴിഞ്ഞ് ഒക്ടോബര്‍ 2016 ല്‍ വന്‍ നഷ്ടത്തിലാണെന്ന് കാണിച്ച് ജെയ് ഷാ കമ്പനി പൂട്ടുകയായിരുന്നു. 1.4 കോടി രൂപയുടെ നഷ്ടമാണ് ആ വര്‍ഷം കമ്പനിക്കുണ്ടായതെന്ന് കാണിച്ചായിരുന്നു നടപടി. അമിത് ഷായുടെ മകന്‍ ജയ് ഷായും, ജിതേന്ദര്‍ ഷായുമാണ് കമ്പനി ഡയറക്ടര്‍മാര്‍. അമിത് ഷായുടെ ഭാര്യ സോന ഷായ്ക്കും കമ്പനി ഓഹരിയുണ്ട്.
ടെമ്പിള്‍ എന്‍റര്‍പ്രൈസിന്റെ സാമ്പത്തിക കാര്യങ്ങള്‍ സംബാന്ധിച്ച് ദി വയറിന്റെ റിപ്പോര്‍ട്ടര്‍ ജെയ് ഷായെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ യാത്രയിലായതിനാല്‍ ഷാ കൃത്യമായി മറുപടി നല്കിയില്ലെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്. അതെസമയം, ഷാക്കെതിരായി എന്തെങ്കിലും റിപ്പോര്‍ട്ട് ചെയ്താല്‍ അപകീര്‍ത്തി കേസ് നല്‍കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ മാണിക് ദോഗ്ര അറിയിച്ചതായും ദി വയര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
കമ്പനി രജിസ്റ്റാര്‍ വകുപ്പില്‍ നിന്നും ലഭിച്ച രേഖകള്‍ പ്രകാരം വളരെ ഭീമമായ അളവില്‍ കമ്പനിയുടെ ലാഭത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട് എന്ന കാര്യം വ്യക്തമാണ്. അമിത് ഷാ ബിജെപി ദേശീയ അധ്യക്ഷനായതിനു ശേഷം അദ്ദേഹത്തിന്റെ വരുമനത്തിലും വന്‍ വര്‍ധനവുണ്ടായതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അമിത് ഷായുടെ വരുമാന വര്‍ധനയെ കുറിച്ച് ടൈംസ് ഓഫ് ഇന്ത്യ പുറത്ത് വിട്ട വാര്‍ത്ത മണിക്കൂറുകള്‍ക്കകം ബിജെപി നേതൃത്വം ഇടപെട്ട് പിന്‍വലിപ്പിച്ചിരുന്നു.




Sharing is Caring