അതിര്‍ത്തിയില്‍ കല്ലേറ്; ലഡാക്കില്‍ കടന്നുകയറാനുള്ള ചൈനീസ് പട്ടാളത്തിന്റെ ശ്രമം ഇന്ത്യന്‍ സൈന്യം ചെറുത്തു


സ്വാതന്ത്ര്യദിനത്തില്‍ അതിര്‍ത്തിയില്‍ ചൈനീസ് പ്രകോപനം. നിയന്ത്രണരേഖ ലംഘിച്ച് ലഡാക്കില്‍ കടന്നുകയാറാനുള്ള ചൈനീസ് പട്ടാളത്തിന്റെ ശ്രമം ഇന്ത്യന്‍ സൈന്യം ചെറുത്തു. ഇരുവിഭാഗങ്ങളും തമ്മില്‍ രൂക്ഷമായ കല്ലേറുണ്ടായി. നിയന്ത്രണരേഖയ്ക്ക് സമീപം പെന്‍ഗോങ് മേഖലയിലാണ് സംഘര്‍ഷമുണ്ടായത്. രാവിലെ ആറിനും ഒമ്പതിനും ഇടയിലാണ് സംഭവമുണ്ടായത്.


പെന്‍ഗോങ് തടാകത്തിന്റെ ഭാഗത്ത് നിന്നുമെത്തിയ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഇന്ത്യന്‍ ഭാഗത്തെ ഫിംഗര്‍ ഫോര്‍, ഫിംഗര്‍ ഫൈവ് എന്നീ മേഖലകളില്‍ കടന്നുകയറാന്‍ ശ്രമിച്ചെന്നാണ് സൈനിക വൃത്തങ്ങള്‍ നല്‍കുന്ന വിവരം. കടന്നുകയറ്റശ്രമം തടയാന്‍ ശ്രമിച്ച ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ ചൈനീസ് പട്ടാളം കല്ലെറിയുകയായിരുന്നു.


ഇരു വിഭാഗത്തിനും കല്ലേറില്‍ പരുക്കേറ്റിട്ടുണ്ട്. ഡോക്‌ലാം മേഖലയില്‍ ഇന്ത്യയും ചൈനയും തമ്മില്‍ യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കുകയാണ്.



Sharing is Caring