അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കാനിവില്ലെന്ന് വിഎസ് അച്യുതാനന്ദന്. അതിരപ്പിള്ളി പദ്ധതി നടപ്പാക്കാന്‍ ഇടതുമുന്നണി തീരുമാനിച്ചിട്ടില്ലെന്നും ഏകപക്ഷീയമായി പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും വിഎസ് അറിയിച്ചു. പദ്ധതി ആരംഭിക്കുന്നു എന്ന മട്ടിലുള്ള പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.
പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ആശയക്കുഴപ്പം ഉണ്ടാക്കുകയാണെന്ന വാചകത്തോടു കൂടിയാണ് വിഎസ് പ്രസ്താവന ആരംഭിക്കുന്നത്. അതീവ പരിസ്ഥിതി പ്രധാന്യമുള്ള പ്രദേശമാണ് അതിരപ്പിള്ളിയെന്നും പദ്ധതി കേരളത്തിന് അനുയോജ്യമല്ലെന്നും വിഎസ് പറഞ്ഞു.
എല്‍ഡിഎഫിലെ ഘടകകക്ഷികളും പദ്ധതിക്ക് അനുകൂല നിലപാട് എടുത്തില്ല. പദ്ധതി നടപ്പാക്കാന്‍ ഇടതുമുന്നണി തീരുമാനിച്ചിട്ടില്ല. ഏകപക്ഷീയമായി നടപ്പാക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും വി.എസ് പറയുന്നു.
അതിരപ്പിള്ളിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി കഴിഞ്ഞ ദിവസം കെ.എസ്.ഇ.ബി കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വി.എസ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്. അതിരപ്പിള്ളി ജലവൈദ്യുതപദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി മന്ത്രി എം.എം. മണിയും കഴിഞ്ഞ ദിവസം നിയമസഭയെ അറിയിച്ചിരുന്നു. സമവായം ഉണ്ടായാല്‍ മാത്രമെ പദ്ധതി നടപ്പാക്കൂ എന്നുമായിരുന്നു മന്ത്രി ചൊവാഴ്ച സഭയില്‍ പറഞ്ഞത്. തൊട്ടടുത്ത ദിവസമാണ് പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി മന്ത്രി സഭയെ അറിയിച്ചത്. പരിസ്ഥിതി അനുമതി അവസാനിക്കുന്ന ജൂലൈ 18ന് മുന്‍പായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയില്ലെങ്കില്‍ പാരിസ്ഥിതികാനുമതിയ്ക്കായി വീണ്ടും അപേക്ഷിക്കേണ്ടതായി വരും. ഇതൊഴിവാക്കുന്നതിനാണ് കാലവധി അവസാനിക്കുന്നതിനു മുന്‍പു തന്നെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതെന്നാണ് സൂചന. സി.പി.ഐയ്ക്ക് പിന്നാലെ വി.എസ്സും നിലപാട് വ്യക്തമാക്കിയതോടെ സര്‍ക്കാരിന് അതിരപ്പിള്ളി കീറാമുട്ടിയാകുമെന്നുറപ്പാണ്.













