നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 18 ലേക്ക് മാറ്റി


യുവനടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത വെള്ളിയാഴ്ചത്തേയ്ക്കു മാറ്റി. ദിലീപിന്റെ ജാമ്യാപേക്ഷയില്‍ അന്നേദിവസം പ്രോസിക്യൂഷന്‍ വിശദീകരണം നല്‍കും.


ഹൈക്കോടതിയില്‍ രണ്ടാമത് സമര്‍പ്പിച്ചിരിക്കുന്ന ജാമ്യാപേക്ഷയില്‍ ഉന്നയിക്കുന്നത് പൊലിസിനെ പ്രതിരോധത്തിലാക്കുന്ന പുതിയ വാദമുഖങ്ങളാണ്.


പള്‍സര്‍ സുനിയുടെ ഭീഷണി ഫോണിനെക്കുറിച്ച് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് അന്നുതന്നെ പരാതി കൈമാറിയിരുന്നുവെന്ന് ദിലീപിന്റെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുന്നു. പരാതി നല്‍കാന്‍ 20 ദിവസം വൈകിയെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. സുനില്‍കുമാര്‍ വിളിച്ച അന്നുതന്നെ ലോക്‌നാഥ് ബെഹറയ്ക്ക് വാട്‌സ്ആപ്പ് വഴി പരാതി കൈമാറി.

കത്തും ഫോണ്‍ റെക്കോര്‍ഡും ഉള്‍പ്പെടെ ബെഹ്‌റയുടെ പേഴ്‌സനല്‍ നമ്പറിലേക്ക് ഏപ്രില്‍ 10നാണ് പരാതി കൈമാറിയതെന്നും ദിലീപ് ജാമ്യാപേക്ഷയില്‍ പറയുന്നു.

പരാതി നല്‍കാന്‍ വൈകിയെന്ന പ്രോസിക്യൂഷന്‍ വാദം തെറ്റെന്ന് സ്ഥാപിക്കാനാണ് ഇതുവഴി ദിലീപിന്റെ അഭിഭാഷകര്‍ ശ്രമിക്കുന്നത്. സംഭവത്തില്‍ ഗൂഢാലോചന വാദം ആദ്യം ഉന്നയിച്ചത് നടി മഞ്ജുവാര്യരാണെന്ന് ജാമ്യാപേക്ഷയില്‍ പറയുന്നു.
ആദ്യഘട്ടത്തില്‍ തന്നെ മഞ്ജു ഇങ്ങനെയൊരുവാദം മുന്നോട്ടുവച്ചു. ദിലീപും സുനില്‍ കുമാറും ഒരേ ടവര്‍ ലൊക്കേഷനില്‍ ആയിരുന്നെന്ന പൊലിസിന്റെ കണ്ടെത്തല്‍ ഒരു തരത്തിലും ഗൂഢാലോചന തെളിയിക്കാന്‍ പര്യാപ്തമല്ലെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.

യുവനടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെടുത്തി മാസങ്ങളായി ചിലര്‍ ദുഷ്ടലാക്കോടെ തനിക്കെതിരേ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതു നിമിത്തമാണ് കേസില്‍ അറസ്റ്റിലാകാന്‍ കാരണം. മാധ്യമങ്ങളെയും പൊലിസ് ഉദ്യോഗസ്ഥരെയും രാഷ്ട്രീയ നേതാക്കളെയും സ്വാധീനിക്കാന്‍ കഴിവുള്ള ചിലരാണ് ഇത്തരം നടപടികള്‍ക്ക് പിന്നിലെന്നു ഹരജിയില്‍ പറയുന്നു.



Sharing is Caring