അണ്ടര്‍ 17 ലോകകപ്പ്; സ്‌പെയ്‌നും ഇറാനും ക്വാര്‍ട്ടറില്‍


സ്‌പെയ്‌നും ഇറാനും അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. അവസാന മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലാണ് സ്‌പെയ്‌ന്‍ വിജയക്കൊടി നാട്ടിയത്. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു സ്‌പെയ്‌ന്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ചത്. ആക്രമണം അഴിച്ചു വിടാതെ പ്രതിരോധം പുറത്തെടുത്താണ് ഇറാന്‍ ക്വാര്‍ട്ടര്‍ പ്രവേശം സാധ്യമാക്കിയത്. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു മെക്‌സിക്കോയുടെ മേല്‍ ഇറാന്റെ വിജയം.


സ്‌പെയ്‌ന്‍-ഫ്രാന്‍സ് പ്രീ ക്വാര്‍ട്ടറില്‍ ഫ്രാന്‍സായിരുന്നു ആദ്യം ലീഡ് നേടിയത്. 34ാം മിനിറ്റില്‍ പിന്ററിന്റെ ഗോളിലൂടെ ഫ്രഞ്ച് പട കരുത്ത്കാട്ടി. എന്നാല്‍ പത്ത് മിനിറ്റിന് ശേഷം സ്‌പെയ്‌ന്‍ തിരിച്ചടിച്ചു. 44ാം മിനിറ്റില്‍ മിറാന്‍ ഡയായിരുന്നു ഗോള്‍ നേടിയത്. പിന്നീട് രണ്ടാം പകുതിയില്‍ ഇരുടീമുകളും ഗോള്‍ കണ്ടെത്താന്‍ വിഷമിച്ചതോടെ മത്സരം ഷൂട്ടൗട്ടിലേക്കുള്ള പാതയിലായി. പക്ഷേ ഭാഗ്യം പെനാല്‍റ്റിയുടെ രൂപത്തില്‍ സ്‌പെയ്‌നിനൊപ്പം നിന്നു. കിട്ടിയ പെനാല്‍റ്റി ഒട്ടും പതറാതെ ആബേല്‍ റൂയിസ് ലക്ഷ്യത്തിലെച്ച് സ്‌പെയ്‌ന്‍ ക്വാര്‍ട്ടര്‍ പ്രവേശം സാധ്യമാക്കി.


മഡ്ഗാവില്‍ നടന്ന പ്രീ ക്വാര്‍ട്ടറില്‍ കളം നിറഞ്ഞു കളിച്ചത് മെക്‌സിക്കോ ആയിരുന്നു, എന്നാല്‍ വിജയം ഇറാന്‍ സ്വന്തമാക്കി. കളി തുടങ്ങി ഏഴാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഷരീഫി ഇറാനെ മുന്നിലെത്തിച്ചു. നാല് മിനിറ്റിനുള്ളില്‍ ഇറാന്‍ രണ്ടാം ഗോളും നേടി. ഇത്തവണ സയ്യദിന്റെ ബൂട്ടില്‍ നിന്നായിരുന്നു ഗോള്‍ പിറന്നത്. പിന്നീട് ഇറാന്‍ പ്രതിരോധത്തിലേക്ക് വലിഞ്ഞപ്പോള്‍ മെക്‌സിക്കോ ആക്രമണത്തിന് മൂര്‍ച്ച കൂട്ടി. 37ാം മിനിറ്റില്‍ അതിന്റെ ഫലം കണ്ടു. ഡി ലാ റോസയിലൂടെ മെക്‌സിക്കോ ഒരു ഗോള്‍ മടക്കി. പക്ഷേ പിന്നീട് ഇറാന്റെ പ്രതിരോധം അവസരം നല്‍കാതെ പിടിമുറുക്കിയപ്പോള്‍ മെക്‌സിക്കോയ്ക്ക് പരാജയം സമ്മതിക്കേണ്ടി വന്നു.



Sharing is Caring