പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം 28 മുതല്‍ മലപ്പുറത്ത്

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്ള്യുജെ) 54-ാം സംസ്ഥാന സമ്മേളനം 28, 29 തീയതികളില്‍ മലപ്പുറം ഗൌരി ലങ്കേഷ് നഗറില്‍ (റോസ് ലോഞ്ച് ഓഡിറ്റോറിയം) നടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് പി എ അബ്ദുള്‍ഗഫൂര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 28ന് രാവിലെ 10.30ന് പ്രതിനിധി സമ്മേളനം സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനംചെയ്യും. സമ്മേളനം വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ പി കെ കുഞ്ഞാലിക്കുട്ടി എംപി അധ്യക്ഷനാകും. മന്ത്രി വി എസ് സുനില്‍കുമാര്‍, എംപിമാരായ എം ഐ ഷാനവാസ്, പി വി അബ്ദുല്‍വഹാബ് എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് മ്യൂസിക് ഈവ്, ആട്ടക്കളം എന്നീ പരിപാടികള്‍ നടക്കും.

29നും പ്രതിനിധി സമ്മേളനം തുടരും. വൈകിട്ട് നാലിന് സമാപനസമ്മേളനം കേന്ദ്ര സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ഉദ്ഘാടനംചെയ്യും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയാകും. വൈകിട്ട് ആറിന് ഉമ്പായിയുടെ ഗസല്‍സന്ധ്യ. അനുബന്ധ പരിപാടികള്‍ക്ക് തുടക്കംകുറിച്ച് ബുധനാഴ്ച ഫുട്ബോള്‍ ഡേ സംഘടിപ്പിക്കും. 21ന് ഇക്കണോമിക് സമ്മിറ്റ് റോസ് ലോഞ്ചില്‍ മന്ത്രി ഡോ. ടി എം തോമസ് ഐസക് ഉദ്ഘാടനംചെയ്യും. മുന്‍ ധനമന്ത്രി കെ ശങ്കരനാരായണന്‍, ജി വിജയരാഘവന്‍, പി കെ കുഞ്ഞാലിക്കുട്ടി എംപി എന്നിവര്‍ പങ്കെടുക്കും.

വിദ്യാര്‍ഥികള്‍ക്കായി ലൈവ് ക്വിസ്, ഉപന്യാസ മത്സരങ്ങളുണ്ട്. 22ന് മുന്‍കാല പത്രപ്രവര്‍ത്തക സംഗമം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനംചെയ്യും. പ്രസ് ക്ളബ് ഹാളില്‍ ചിത്രരചനാ മത്സരം സംഘടിപ്പിക്കും. 23ന് പ്രാദേശിക പത്രപ്രവര്‍ത്തക സംഗമം പ്രസ് ക്ളബ് ഹാളില്‍ ചേരും. 24ന് പ്രവാസി സെമിനാര്‍ മന്ത്രി ഡോ. കെ ടി ജലീല്‍ ഉദ്ഘാടനംചെയ്യും. ഇ ടി മുഹമ്മദ്ബഷീര്‍ എംപി, കെ വി അബ്ദുള്‍ഖാദര്‍ എംഎല്‍എ എന്നിവര്‍ പങ്കെടുക്കും. 25ന് തിരൂര്‍ മലയാള സര്‍വകലാശാലയില്‍ മാധ്യമ സെമിനാര്‍ കവിതാ ലങ്കേഷ് ഉദ്ഘാടനംചെയ്യും. ഔട്ട്ലുക് എഡിറ്റര്‍ ഇന്‍ ചീഫ് രാജേഷ് രാമചന്ദ്രന്‍ സംസാരിക്കും.

26ന് പ്രസ് ക്ളബ് ഹാളില്‍ ട്രേഡ് യൂണിയന്‍ സെമിനാര്‍ സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം ഉദ്ഘാടനംചെയ്യും. 27-നാണ് വിളംബര ജാഥ. കെയുഡബ്ള്യുജെ സംസ്ഥാന ജനറല്‍ സെക്രട്ടറി സി നാരായണന്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ സുരേഷ് എടപ്പാള്‍, സമീര്‍ കല്ലായി, ഐ സമീല്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *