ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ കൊച്ചിയില്‍ നടന്ന മത്സരത്തില്‍ ബ്രസീലും ഗോവയില്‍ നടന്ന മത്സരത്തില്‍ ഇറാനും പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഉത്തരകൊറിയയെ എതിരില്ലാതെ രണ്ടു ഗോളിന് പരാജയപ്പെടുത്തിയാണ് ബ്രസീല്‍ പ്രീക്വാര്‍ട്ടറില്‍ കടന്നത്.
എതിരില്ലാത്ത നാലുഗോളുകള്‍ക്ക് ജര്‍മനിയെ തകര്‍ത്താണ് ഇറാനും പ്രീക്വാര്‍ട്ടര്‍ ടിക്കറ്റ് ഉറപ്പിച്ചത്. വാശിയേറിയ ബ്രസീല്‍- ഉത്തരകൊറിയ മത്സരത്തില്‍ ആദ്യപകുതിയില്‍ ഉത്തരകൊറിയ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ബ്രസീലിന്റെ വല കുലുക്കാനായില്ല. രണ്ടാം പകുതിയിലായിരുന്നു ബ്രസീലിന്റെ ഇരു ഗോളുകളും. 56ാം മിനിറ്റില്‍ ലിംകോണും 61ാം മിനിറ്റില്‍ പൗളീന്യോയുമാണ് ബ്രസീലിനു വേണ്ടി വല കുലുക്കിയത്. ഇതോടെ ഗ്രൂപ് ഡിയില്‍ രണ്ടാം റൗണ്ടിലേക്ക് കടന്ന ആദ്യ ടീമായി ബ്രസീല്‍.

ഗ്രൂപ് സി പോരാട്ടത്തില്‍ ഇറാനു വേണ്ടി ആറാം മിനിറ്റോടെ തന്നെ ഇറാന്‍ ഗോള്‍മഴ ആരംഭിച്ചു. ആറാം മിനിറ്റില്‍ ഡെല്‍ഫിയിലൂടെയായിരുന്നു ആദ്യ ഗോള്‍. 42ാം മിനിറ്റില്‍ വീണ്ടും ഡെല്‍ഫി ജര്‍മനിയെ ഞെട്ടിച്ചു. തൊട്ടു പിന്നാലെ സയ്യദും 49ാം മിനിറ്റില്‍ നംദാരിയും ഇറാനു വേണ്ടി പട്ടിക പൂര്‍ത്തിയാക്കുകയായിരുന്നു.













