വേങ്ങര പോളിങ് ബൂത്തില്‍; വോട്ടെടുപ്പ് ആരംഭിച്ചു; ബൂത്തുകളില്‍ നീണ്ട നിര


വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ വോട്ടിങ് ആരംഭിച്ചു. രാവിലെ ഏഴുമണി മുതല്‍ ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറുമണിക്കാണ് അവസാനിക്കുന്നത്. വൈകിട്ട് ആറിന് ബൂത്തില്‍ പ്രവേശിച്ച് വരിയില്‍ നില്‍ക്കുന്ന എല്ലാവര്‍ക്കും വോട്ട് ചെയ്യാന്‍ അവസരമുണ്ടാകും. ആകെ 165 പോളിങ് ബൂത്തുകളാണുളളത്.ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് വോട്ടര്‍മാര്‍ക്ക് കാണാന്‍ സൗകര്യം ഒരുക്കുന്ന വിവി പാറ്റ് സംവിധാനം എല്ലാ ബൂത്തുകളിലും തയ്യാറാക്കിയിട്ടുണ്ട്.
1.70 ലക്ഷം വോട്ടര്‍മാരാണ് വേങ്ങരയിലുളളത്. ആറുമാസം മുന്‍പ് നടന്ന ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ വോട്ടിങ് ശതമാനം 67.70 ശതമാനമായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 70.77 ശതമാനവും. രണ്ട് സ്വതന്ത്ര്യര്‍ ഉള്‍പ്പെടെ ആറ് സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുളളത്.
കെ.എന്‍.എ ഖാദര്‍(യുഡിഎഫ്) പി.പി ബഷീര്‍(എല്‍ഡിഎഫ്), കെ.ജനചന്ദ്രന്‍(എന്‍ഡിഎ) എന്നിവരാണ് മുന്നണി സ്ഥാനാര്‍ത്ഥികള്‍. പത്ത് പ്രശ്‌നബാധിത ബൂത്തുകളാണ് മണ്ഡലത്തിലുളളത്. ഇന്ന് നടക്കുന്ന വോട്ടെടുപ്പിന് ശേഷം സീല്‍ ചെയ്ത വോട്ടിങ് യന്ത്രങ്ങള്‍ തിരൂരങ്ങാടി പിഎസ്എംഒ കോളെജില്‍ തന്നെ തിരിച്ചെത്തിക്കും. ഇവിടെയാണ് 15ന് വോട്ടെണ്ണല്‍ നടക്കുന്നതും.




Sharing is Caring