നാളെ തിരുവനന്തപുരം രാജധാനി ഗാര്‍ഡന്‍സ് സാക്ഷ്യം വഹിക്കുക കോടികള്‍ പൊടിച്ച് വ്യാവസായി ബിജു രമേശിന്റെ മകള്‍ മേഘയുടേയും മുന്‍ മന്ത്രി അടൂര്‍ പ്രകാശിന്റെ മകന് അജയ് കൃഷ്ണയുടേയും വിവാഹ മാമാങ്കത്തിന്. തമിഴ്നാട്ടില്‍ ജയലളിതയ്ക്കു പകരം മുഖ്യമന്ത്രിയുടെ ചുമതല വഹിക്കുന്ന പനീര്‍ സെല്‍വമുള്‍പ്പെടെയുള്ള വിവിഐപികളും സംസ്ഥാന മന്ത്രിമാരക്കമുള്ള നൂറുകണക്കിന് വിഐപിമാരുമാണ് നാളെ വൈകുന്നേരം ആറിന് നടക്കുന്ന വിവാഹ ചടങ്ങിലും തുടര്‍ന്നുള്ള വിവാഹ സല്‍ക്കാരത്തിലും പങ്കെടുക്കുക.ബോളിവുഡ് ചിത്രങ്ങള്‍ക്ക് വേണ്ടി സജ്ജീകരിക്കുന്ന ഷൂട്ടിംഗ് സെറ്റുകള്‍ക്കു സമാനമായി 80,000 സ്ക്വയര്‍ ഫീറ്റിലാണ് വിവാഹ വേദി സജ്ജീകരിക്കുന്നത്. ദില്ലിയിലെ അക്ഷര്‍ധാം ക്ഷേത്രത്തിന്റെ തനിപകര്‍പ്പെന്നോണമാണ് വിവാഹ വേദി ഒരുക്കിയിരിക്കുന്നത്.കൊത്തുപണികളടങ്ങി തൂണുകള്‍ കൊണ്ട് അലങ്കരിച്ച പ്രവേശനകവാടവും വിശാലമായ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയവും വിശാലമായ നടപ്പാതയുമെല്ലാം അടങ്ങുന്നതാണ് വിവാഹ പന്തല്‍. കഴിഞ്ഞ ഒരു മാസം കൊണ്ടാണ് അഞ്ഞൂറോളം തൊഴിലാളികള്‍ വിവാഹ വേദിയുടെ പണി പൂര്‍ത്തീകരിച്ചിരിക്കുന്നത്. നൂറിലധികം വിഭവങ്ങളുള്‍പ്പെടെയുള്ള വിഭവസമൃദ്ധമായ വിവാഹ സല്ക്കാരത്തിനു പിന്നില്‍ ബിജു രമേശിന്റെ തന്നെ രാജധാനി ഇവന്റ് മാനേജ്മെന്റ് സംഘമാണ്. തത്സമയം ഭക്ഷണം പാകം ചെയ്തു വിളമ്പുന്നതിനായി ജര്‍മ്മനിയില്‍ നിന്നുള്ള പ്രത്യേക സംഘവും എത്തും.ഗായിക ശ്വേതാ മോഹന്റെ നേതൃത്തിലുള്ള സഘത്തിന്റെ ഗാനമേളയും ബെന്നറ്റ് ആന്റ് ദി ബാന്‍ഡിന്റെ മ്യൂസിക് ഫ്യൂഷനുള്‍പ്പെടെ വലിയ കലാപരിപാടികളും വിവാഹ വിരുന്നിനോട് അനുബന്ധിച്ച് നടത്തും.













