കോഴിക്കോട്: അരുണാചല്‍പ്രദേശില്‍ പരിശീലനപ്പറക്കലിനിടെ തകര്‍ന്നുവീണ വ്യോമസേനാ വിമാനത്തിലെ വൈമാനികന്‍ അച്ചുദേവിന്റെ (25) മൃതദേഹം സംസ്‌കരിച്ചു. കോഴിക്കോട് പന്തീരാങ്കാവ് പന്നിയൂര്‍കുളത്തെ തറവാട്ട് ശ്മശാനത്തിലാണ് സംസ്‌കാരം നടന്നത്.
ഇന്നലെ തിരുവനന്തപുരത്തെ ശ്രീകാര്യത്തെ വീട്ടില്‍ എത്തിച്ച മൃതദേഹം അവിടെ പൊതുദര്‍ശനത്തിനു വച്ചു. ഇന്നലെ രാവിലെ പ്രത്യേക വ്യോമസേന വിമാനത്തില്‍ ആണ് മൃതദേഹം തിരുവനന്തപുരത്ത് കൊണ്ടു വന്നത്.

ഇന്ന് കോഴിക്കോട് എത്തിച്ച മൃതദേഹം രാവിലെ 11 മണിയോടെ പന്നിയൂര്‍കുളത്തെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചു. വൈകിട്ട് മൂന്നു മണിയോടെയാണ് തറവാട്ട് ശ്മശാനത്തില്‍ സംസ്‌കാരം നടന്നത്.
കഴിഞ്ഞ മെയ് 23നാണ് പരിശീലനപറക്കലിനിടയില്‍ സുഖോയ് 30 വിമാനം അരുണാചല്‍ പ്രദേശില്‍ കാണാതായത്.അച്ചുദേവും ഉത്തരേന്ത്യക്കാരനായ സ്‌ക്വാഡ്രന്‍ ലീഡര്‍ ദിവേഷ് പങ്കജുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കിട്ടിയിരുന്നുവെങ്കിലും കാണാതായവരെക്കുറിച്ച് വിവരമൊന്നുമുണ്ടായിരുന്നില്ല. വീട്ടുകാര്‍ പ്രതീക്ഷയോടെ കാത്തിരിക്കുമ്പോഴാണ് അച്ചുവേദിന്റെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ 30 വര്‍ഷമായി അച്ചുദേവും മാതാപിതാക്കളും തിരുവനന്തപുരത്താണ് താമസം.













