സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനമായ സൈലത്തിന്റെ ലേഡീസ് ഹോസ്റ്റലിൽ അതിക്രമിച്ച് കയറി ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ



കോഴിക്കോട്: സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനമായ സൈലത്തിന്റെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറി പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിനികളോട് ലൈംഗികാതിക്രമം കാണിച്ച യുവാവ് പിടിയിൽ. മലാപറമ്പ് സ്വദേശി പൗർണമി നിവാസിൽ ഗൗതം കെ പി (26) നെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. 26 ന് പുലർച്ചെ നടക്കാവ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ലേഡീസ് ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയാണ് പ്രതി വിദ്യാർത്ഥിനികളോട് ലൈംഗികാതിക്രമം കാണിച്ചത്.


നടക്കാവ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രജീഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ലീല, കിരൺ, സീനിയർ സിവിൽ പൊലീസ് ഓഫീസർ രാഹുൽ, സിവിൽ പൊലീസ് ഓഫീസർ രഞ്ജിത്ത് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് കോട്ടൂളിയിൽ വെച്ച് പ്രതിയെ പിടികൂടിയത്. പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.



പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കെതിരെ ലൈംഗികാതിക്രമം നടന്നിട്ടും സ്ഥാപനത്തിന്റെ പേര് മോശമാകാതിരിക്കാനെന്ന പേരിൽ സംഭവം മൂടിവെക്കാൻ നടത്തിപ്പുകാർ ശ്രമിച്ചുവെന്നും ആരോപണം ഉണ്ടായിരുന്നു. അതിക്രമം വിശദീകരിക്കാതെ പേരിനൊരു പരാതി മാത്രമാണ് സൈലം നടത്തിപ്പുകാർ നൽകിയതെന്നാണ് ആരോപണം. സംഭവം വിവാദമായതോടെ ഹോസ്റ്റൽ വാർഡൻ സ്റ്റേഷനിൽ ഹാജരായി യുവാവിനെതിരെ മൊഴി നൽകുകയായിരുന്നു. പിന്നീട് കുട്ടികൾ രക്ഷിതാക്കൾക്കൊപ്പം സ്റ്റേഷനിലെത്തി മൊഴി നൽകിയതിന് ശേഷമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.



Sharing is Caring