പരിസ്ഥിതിദിനം നാളെ; ഒരുകോടി വൃക്ഷത്തൈ വച്ചുപിടിപ്പിക്കും

നാടിന്റെ പച്ചപ്പും നന്മയും സംരക്ഷിക്കാന്‍ ലോകപരിസ്ഥിതി ദിനത്തില്‍ നാടൊന്നിക്കും. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച സംസ്ഥാനത്ത് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഒരു കോടി വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കും. സര്‍ക്കാരിനൊപ്പം ജനങ്ങളൊന്നാകെ അണിനിരക്കും. രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക, പരിസ്ഥിതി, സന്നദ്ധ സംഘടനകള്‍, യുവജനസംഘടനകള്‍ തുടങ്ങിയവര്‍ അണിചേരും. സ്കൂള്‍, കോളേജ് വിദ്യാര്‍ഥികളും പങ്കാളികളാകും. തദ്ദേശഭരണവകുപ്പും വനം വകുപ്പും വിപുലമായ തയ്യാറെടുപ്പുകളാണ് നടത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി നടക്കുന്ന പരിപാടിയില്‍ എല്ലാ വകുപ്പുകളും സഹകരിക്കും. സാഹിത്യ- സാംസ്കാരിക- ചലച്ചിത്രരംഗത്തെ പ്രമുഖര്‍ വൃക്ഷത്തൈ നടും.
സംസ്ഥാനതല ഉദ്ഘാടനം പകല്‍ 10.30ന് നിശാഗന്ധിയില്‍ വൃക്ഷത്തൈ നട്ട് ഗവര്‍ണര്‍ പി സദാശിവം നിര്‍വഹിക്കും. ചലച്ചിത്ര നടന്‍ മോഹന്‍ലാല്‍ തിരുവനന്തപുരം തുമ്പ സെന്റ് സേവ്യേഴ്സ് കോളേജില്‍ പങ്കെടുക്കും. ജില്ലാതലങ്ങളിലും പ്രാദേശിക തലങ്ങളിലും നടക്കുന്ന പരിപാടികളില്‍ മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കും.
സംസ്ഥാനത്തൊട്ടാകെ വനംവകുപ്പിന്റെ നൂറോളം നഴ്സറികളില്‍നിന്ന് 72 ലക്ഷം വൃക്ഷത്തൈകളാണ് തയ്യാറാക്കിയത്. സൗജന്യമായാണ് തൈകള്‍ വിതരണം ചെയ്യുന്നത്. ഫലവൃക്ഷ-ഔഷധയിനങ്ങളില്‍പ്പെട്ട നൂറോളം ഇനങ്ങളാണ് വിതരണം ചെയ്യുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *