വണ്ടര്‍ വുമണ്‍, പ്രഖ്യാപിച്ച് അഞ്ജലി മേനോന്‍


പ്രെഗ്നന്‍സി ടെസ്റ്റ് പൊസിറ്റീവായ ചിത്രം പങ്കുവച്ച് മലയാളത്തിലെ നായികമാര്‍ രംഗത്തെത്തിയത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇതിന്റെ സത്യാവസ്ഥ പറഞ്ഞ് എത്തിയിരിക്കുകയാണ് സംവിധായിക അഞ്ജലി മേനോന്‍. ‘വണ്ടര്‍ വുമണ്‍’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായിട്ടാണ് താരങ്ങള്‍ ഈ പോസ്റ്റ് പങ്കുവച്ചത്.


അഞ്ജലി മേനോന്റെ വാക്കുകള്‍:


ഞാനിപ്പോള്‍ വന്നിരിക്കുന്നത് ഒരു സന്തോഷവാര്‍ത്ത പറയുവാന്‍ വേണ്ടിയാണ്. എന്തായാലും അത് ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട വാര്‍ത്തയല്ല. അതിനെ കുറിച്ച് ഈ സിനിമയില്‍ അഭിനയിക്കുന്ന ഞങ്ങളുടെ താരങ്ങളില്‍ നിന്നും കേട്ടു കാണും. അതെ ഞങ്ങളുടെ പുതിയ സിനിമയെ കുറിച്ച് പറയാനാണ് എത്തിയിരിക്കുന്നത്. ഗര്‍ഭധാരണത്തെ കുറിച്ച് കൂടുതലൊന്നും ഞാന്‍ പറയുന്നില്ല.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താരങ്ങളില്‍ നിന്ന് അത്തരത്തിലുള്ള പോസ്റ്റുകള്‍ നിരവധി വന്നിരുന്നല്ലോ. ഇത്തരം വാര്‍ത്തകളോട് പ്രിയ പ്രേക്ഷകര്‍ എങ്ങനെ പ്രതികരിക്കുന്നു എന്നറിയാനുള്ള ഒരു പരീക്ഷണം കൂടിയായിരുന്നു അത്. പ്രമോകള്‍ പുറത്തു വന്നപ്പോള്‍ ഉയര്‍ന്നു വന്ന പ്രതികരണങ്ങളും സ്‌നേഹവും ഞങ്ങളെ ശരിക്കും ഞെട്ടിച്ചു.

ഞങ്ങളോട് കാണിച്ച ആവേശകരമായ പ്രതികരണങ്ങള്‍ക്കും സ്‌നേഹത്തിനും മനസുനിറഞ്ഞ നന്ദി. പുതിയ ചിത്രം റിലീസിന് തയാറെടുക്കുന്നു എന്ന് സന്തോഷപൂര്‍വം അറിയിക്കുകയാണ്. വണ്ടര്‍ വുമണ്‍ എന്നാണ് ചിത്രത്തിന്റെ പേര്. മികച്ച അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും ഒത്തു ചേര്‍ന്നുള്ള വളരെ രസകരമായ യാത്രയായിരുന്നു ഈ സിനിമ.

നിര്‍മ്മാതാക്കളായ ആര്‍എസ്വിപി സിനിമാസും ഫ്‌ളയിങ് യൂണികോണ്‍ എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് വണ്ടര്‍ വുമണ്‍ നിങ്ങളിലേക്ക് എത്തിക്കുന്നത്. സോണി ലിവിലൂടെ ഒടിടി റിലീസായാണ് ചിത്രമെത്തുന്നത്. നദിയ മൊയ്തു, നിത്യ മേനോന്‍, പാര്‍വതി തിരുവോത്ത്, പത്മപ്രിയ, സയനോര ഫിലിപ്പ്, അര്‍ച്ചന പത്മിനി, അമൃത സുഭാഷ് തുടങ്ങിയ വണ്ടര്‍ വുമണ്‍സ് ആണ് ചിത്രത്തിലെ താരങ്ങള്‍.

വളരെ കഴിവുള്ള ഒരുനിര സപ്പോര്‍ട്ടിംഗ് താരങ്ങളുമുണ്ട്. ഈ സിനിമ ഇംഗ്ലിഷിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. നിരവധി ഭാഷകള്‍ സംസാരിക്കുന്ന ആളുകള്‍ നമ്മുടെ രാജ്യത്തുണ്ട്. അവര്‍ക്കെല്ലാം ഒരുപോലെ കാണാന്‍ വേണ്ടിയാണ് ചിത്രം ഇംഗ്ലീഷില്‍ എത്തിക്കുന്നത്.



Sharing is Caring