കോഴിക്കോട്: കേരളത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് എം ജി യൂണിവേഴ്‌സിറ്റി പ്രൊ: വൈസ് ചാന്‍സലര്‍ ഡോ: ഷീന ഷുക്കൂര്‍ അഭിപ്രായപ്പെട്ടു. സ്ത്രീകള്‍ക്ക് ഇന്ത്യയില്‍ ഏറ്റവും സുരക്ഷിതമല്ലാത്ത സംസ്ഥാനമാണ് കേരളം. അടുത്ത കാലത്ത് വന്ന പഠനറിപ്പോര്‍ട്ടുകള്‍ അതാണ് സൂചിപ്പിക്കുന്നത്. ജുഡീഷ്യറിയും നിയമ നിര്‍മ്മാണസഭയും നിയമങ്ങള്‍ ഉണ്ടാക്കുന്നുണ്ടെങ്കിലും അത് വേണ്ട രീതിയില്‍ നമുക്ക് നടപ്പാക്കാന്‍ കഴിയുന്നില്ല. സാമ്പത്തികമായും വിദ്യാഭ്യാസ പരമായും ഉന്നതിയില്‍ എത്തിയാല്‍ മാത്രമേ സ്ത്രീ ശാക്തീകരണം സാധ്യമാവുകയുള്ളു. വിദ്യാഭ്യാസപരമായി മുന്നേറിയാല്‍ സാമ്പത്തികമായ മുന്നേറ്റം ഉണ്ടാകും. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇനിയും സ്ത്രീകള്‍ ഏറെ കടന്നുവരേണ്ടതായിട്ടുണ്ട്. നമ്മുടെ പ്രധാനപ്പെട്ട നിയമനിര്‍മ്മാണ സഭകളായ പാര്‍ലമെന്റിലും നിയമസഭയിലും വനിതാ പ്രാതിനിധ്യം വളരെ കുറവാണ്. ഇത് മാറ്റിയെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. 16-ാം ലോക സഭയിലെ മത്സര രംഗത്തെ വനിതാ പങ്കാളിത്തം ആശാവഹമാണ്. ത്രിതല പഞ്ചായത്തുകളില്‍ സ്ത്രീ പ്രാതിനിധ്യം നല്‍കിയതുകൊണ്ട് മാത്രം ഭരണ പങ്കാളിത്തം ഉണ്ടായി എന്ന് പൂര്‍ണ്ണമായും ഉറപ്പ് വരുത്താന്‍ കഴിയില്ല. കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് നേതൃത്വത്തില്‍ കോഴിക്കോട് ഡി ഗ്രാന്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഏകദിന വനിത ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. യുവജന ക്ഷേമ ബോര്‍ഡ് എക്‌സ്‌പെര്‍ട്ട് മെമ്പര്‍ സി കെ സുബൈര്‍ അധ്യക്ഷനായി.
FLASHNEWS