പുല്‍പ്പള്ളിയില്‍ ഭര്‍ത്താവിന്‍റെ അടിയേറ്റ് ഭാര്യ മരിച്ചു


വയനാട് പുല്‍പ്പള്ളിയില്‍ ഭര്‍ത്താവിന്‍റെ അടിയേറ്റ് ഭാര്യ മരിച്ചു. മുള്ളന്‍കൊല്ലി എപിജെ നഗര്‍ കോളനിയിലെ അമ്മിണിയാണ് മരിച്ചത്.സംഭവത്തില്‍ ഭര്‍ത്താവ് ബാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടര മണിയോടെയാണ് സംഭവം. അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് ബാബു മകന ബിജുവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. മകനെത്തിയപ്പോഴാണ് മരിച്ച്‌ കിടക്കുന്ന അമ്മയെ കാണുന്നത്.


പുലര്‍ച്ചെ രണ്ടരയോടെയാണ് അമ്മിണിക്ക് സുഖമില്ലെന്ന് പറഞ്ഞ് ബാബു മകൻ ബിജുവിന് ഫോണ്‍ ചെയ്യുന്നത്. അമ്മയ്ക്ക് സുഖമില്ലെന്നും എത്രയും വേഗം എത്തണമെന്നും ആശുപത്രിയില്‍ കൊണ്ടുപോകണമെന്നും ബാബു മകനോട് പറഞ്ഞു. ഉടനെ തന്നെ ബിജു താമസ സ്ഥലത്ത് നിന്നും തിരിച്ചു. വീട്ടിലെത്തിയ ബിജു കാണുന്നത് അമ്മ മരിച്ച്‌ കിടക്കുന്നതാണ്. കഴിഞ്ഞ രാത്രി അമ്മിണിയും ബാബുവും തമ്മില്‍ വഴക്കുണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.


വീട്ടില്‍നിന്ന് ബഹളം കേട്ടിരുന്നതായി അയല്‍വാസികളും നാട്ടുകാരും പറയുന്നു. മകൻ വിവരമറിയിച്ചതനുസരിച്ച്‌ പുല്‍പ്പള്ളി പൊലീസ് ഇന്‍സ്‌പെക്ടര്‍ എ. അനന്തകൃഷ്ണന്‍, എസ്.ഐ. സി.ആര്‍. മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചു. ഫോറന്‍സിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു. അമ്മിണിയുടെ ഭര്‍ത്താവ് ബാബുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.



Sharing is Caring