ജയിലിൽ കഴിയുന്ന ശബ്ദമില്ലാത്ത മുസ്‌ലിങ്ങള്‍ക്ക് വേണ്ടി ആര് സംസാരിക്കും; ഉവൈസി

മയക്കുമരുന്ന് കേസിൽ ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി. ജയിലിൽ കഴിയുന്ന ശബ്ദമില്ലാത്ത മുസ്‌ലിങ്ങൾക്ക് വേണ്ടിയാണ് സംസാരിക്കുകയെന്നും ശക്തരായ അച്ഛന്മാർ ഉള്ളവർക്കു വേണ്ടിയല്ലെന്നും ഉവൈസി പറഞ്ഞു.

ആര്യൻ ഖാന്റെ അറസ്റ്റിനെ കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനാണ് ഉവൈസിയുടെ പ്രതികരണം. നിങ്ങൾ പറയുന്നത് സൂപ്പർ സ്റ്റാറിന്റെ മകനെ കുറിച്ചാണ്. ഉത്തർപ്രദേശിലെ ജയിലുകളിൽ 27 ശതമാനമെങ്കിലും മുസ്ലിങ്ങളാണ്. ആരാണ് അവർക്ക് വേണ്ടി സംസാരിക്കുക എന്നായിരുന്നു. ഉവൈസിയുടെ മറുപടി.

ആഡംബര കപ്പലിൽ നിന്ന് ലഹരി പിടിച്ചെടുത്ത സംഭവത്തിലാണ് ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ അറസ്റ്റ് ചെയ്തത്. ഒക്ടോബർ ഏഴിന് ആര്യൻ ഖാനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു. മുംബൈയിലെ ആർതർ ജയിലിലാണ് ആര്യൻ ഖാൻ ഇപ്പോഴുള്ളത്.

അതേസമയം ആഡംബര കപ്പലിൽ ലഹരിപാർട്ടി നടത്തിയ സംഭവത്തിൽ പിടിയിലായ ആര്യൻ ഖാന് എൻസിബി കസ്റ്റഡിയിലിരിക്കെ കൗൺസിലിംഗ് നൽകിയതായി റിപ്പോർട്ട്. ജയിൽ മോചിതനായാൽ നല്ല കുട്ടിയാകുമെന്നും ജോലി ചെയ്ത് ജനങ്ങളെ സഹായിക്കുമെന്നും എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെയ്ക്ക് ആര്യൻ ഉറപ്പ് നൽകിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

‘ജയിലിൽ നിന്ന് മോചിതനായ ശേഷം ഒരു നല്ല മനുഷ്യനാകും. സമൂഹത്തിലെ ദുർബല വിഭാഗങ്ങളിൽ നിന്നുള്ള ആളുകളെ സഹായിക്കും. അന്തസ്സോടെ ജോലിയിൽ പ്രവേശിച്ച് പിതാവിന് അഭിമാനമാകും’- ആര്യൻ വാഗ്ദാനം ചെയ്തുവെന്ന് എൻസിബിയുമായി ബന്ധപ്പെട്ട ഉന്നതവൃത്തങ്ങൾ അറിയിച്ചു. ജയിൽ നിന്നുള്ള ഭക്ഷണമോ വെള്ളമോ ആര്യൻ കഴിക്കുന്നില്ലെന്നും, ജയിൽ കാന്റീനിലെ ബിസ്‌ക്കറ്റും പുറത്ത് നിന്നും കൊണ്ടു പോയ വെള്ളവും മാത്രമാണ് ഭക്ഷണമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *