വാട്ട്സാപ്പ് സന്ദേശം അബദ്ധത്തില്‍ ‘ഡിലീറ്റ് ഫോര്‍ മി’ ആയി പോയോ, പുത്തന്‍ ഫീച്ചറുമായി കമ്പനി


കോണ്‍ടാക്‌ട് ലിസ്റ്റിലുള്ളവര്‍ക്കോ അല്ലെങ്കില്‍ ഒരു ഗ്രൂപ്പ് ചാറ്റിലേയ്ക്കോ തന്നെ അനൗചിതമായി മെസേജ് അബദ്ധത്തില്‍ അയക്കുന്നു എന്ന് കരുതുക.ആ സന്ദേശമോ മീഡിയ ഫയലോ അധികം ആരെങ്കിലും കാണുന്നതിന് മുന്‍പ് തന്നെ ഡിലീറ്റ് ചെയ്യാനായി വാട്ട്സാപ്പ് തങ്ങളുടെ ഉപയോക്താക്കള്‍ക്കായി ‘ഡിലീറ്റ് ഫോര്‍ ആള്‍’ എന്ന ഓപ്ഷന്‍ നല്‍കി വരുന്നുണ്ട്.


എന്നാല്‍ ഡിലീറ്റ് ഫോര്‍ ആള്‍ എന്ന് ഓപ്ഷന് പകരമായി അബദ്ധത്തില്‍ ചിലരെങ്കിലും ‘ഡിലീറ്റ് ഫോര്‍ മീ’ എന്ന ഓപ്ഷന്‍ നല്‍കിയിട്ടുണ്ടാകും. ഇങ്ങനെ ചെയ്യുന്നത് വഴി എന്താണോ ചെയ്യാന്‍ ഉദ്ദേശിച്ചത് അതിന് വിപരീതമായ ഫലമാകും ലഭിക്കുക. നമ്മള്‍ അയച്ച മെസേജ് മറ്റുള്ളവര്‍ക്കെല്ലാം ദൃശ്യമാവുകയും പകരം നമ്മുടെ ചാറ്റില്‍ നിന്ന് അപ്രത്യക്ഷമാവുകയും ചെയ്യും.


അയക്കുന്ന മെസേജിന്റെ തരമനുസരിച്ച്‌ ഈ അബദ്ധം പലപ്പോഴും ഉപയോക്താക്കളെ കുരുക്കിലാക്കി എന്ന് വരാം. എന്നാല്‍ ഇനി മുതല്‍ അബദ്ധത്തില്‍ ഡിലീറ്റ് ഫോര്‍ മീ ഓപ്ഷന്‍ നല്‍കിയാലും ഇത്തരത്തിലുള്ള നാണക്കേടില്‍ നിന്നും രക്ഷ നേടാനുള്ള പുത്തന്‍ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്ട്സാപ്പ്.

ഡിലീറ്റ് ഫോര്‍ മീ അബദ്ധത്തില്‍ ചെയ്താല്‍ തന്നെ ഇനി മുതല്‍ ‘അണ്‍ഡൂ’ എന്ന ഓപ്ഷന്‍ കൂടി ആപ്പില്‍ ദൃശ്യമാകുന്നതായിരിക്കും. ഇത് വഴി ഡിലീറ്റ് ചെയ്ത മെസേജ് തിരിച്ചെടുക്കാനും ആവശ്യമെങ്കില്‍ വീണ്ടും ഡിലീറ്റ് ഫോര്‍ ആള്‍ ഓപ്ഷന്‍ വഴി മറ്റുള്ളവര്‍ കാണുന്നതിന് മുന്‍പ് തന്നെ ഡിലീറ്റ് ചെയ്യാനും സാധിക്കുന്നതാണ്.ടെലഗ്രാം അടക്കമുള്ള ആപ്പുകളില്‍ കാണുന്നതിന് സമാനമായി കുറച്ച്‌ സമയത്തേയ്ക്ക് മാത്രമായിരിക്കും അണ്‍ഡൂ ഓപ്ഷന്‍ സ്ക്രീനില്‍ തുടരുക. അതിനിടയില്‍ തന്നെ ഓപ്ഷന്‍ ഉപയോഗിച്ച്‌ ഡിലീറ്റായ സന്ദേശം തിരിച്ചെടുക്കേണ്ടതാണ്. ആക്സിഡന്റ് ഡിലീറ്റ് എന്നാണ് ഏറെ ഉപകാരപ്രദമാകാന്‍ പോകുന്ന പുതിയ ഫീച്ചറിനെ വാട്ട്സാപ്പ് വിശേഷിപ്പിക്കുന്നത്.

വാബീറ്റാ ഇന്‍ഫോയാണ് പുതിയ ഫീച്ചറിനെക്കുറിച്ച്‌ സൈബര്‍ ലോകത്തെ അറിയിച്ചിരിക്കുന്നത്. തിരഞ്ഞെടുത്ത ചില ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ കഴിഞ്ഞ ഓഗസ്റ്റില്‍ തന്നെ ബീറ്റാ ടെസ്റ്റിംഗ് മുഖാന്തരം ലഭിച്ചിരുന്നു.



Sharing is Caring