ഇന്ത്യയ്ക്ക് എതിരായ രണ്ടാം ഏകദിനത്തിലും വെസ്റ്റ് ഇൻഡീസ് 300 കടന്നു

ഇന്ത്യയ്ക്ക് എതിരായ രണ്ടാം ഏകദിനത്തിലും വെസ്റ്റ് ഇൻഡീസ് 300 കടന്നു. ഓപ്പണർ ഷായ് ഹോപ്പിന്റെ സെഞ്ച്വറിയുടെ ബലത്തിൽ (135 പന്തിൽ 115) നിശ്ചിത 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് വിൻഡീസ് 311 റൺസ് അടിച്ചുകൂട്ടിയത്. ഇന്ത്യയ്‌ക്കായി ഷാർദുൽ ഠാക്കൂർ മൂന്നും ദീപക് ഹൂഡ, അക്‌സർ പട്ടേൽ, യുസ്‌വേന്ദ്ര ചെഹൽ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ടോസ് നേടിയ വെസ്റ്റിൻസീസ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ഒന്നാം വിക്കറ്റിൽ ഷായ് ഹോപ്പും കൈൽ മയേഴ്സും (23 പന്തിൽ 39) ചേർന്ന് 65 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. പത്താം ഓവറിലാണ് മയേഴ്സിനെ ദീപക് ഹൂഡ പുറത്താക്കുന്നത്. തുടർന്നെത്തിയ ഷർമ ബ്രൂക്സ് അഞ്ച് ബൗണ്ടറികളുടെ സഹായത്തോടെ 36 പന്തിൽ 35 റൺസെടുത്തു. ഒടുവിൽ അക്സർ പട്ടേലാണ് ബ്രൂക്സിനെ എറിഞ്ഞിട്ടത്. റൺസൊന്നുമെടുക്കാതെ ബ്രാണ്ടൻ കിങ്ങിനെ യുസ്‌വേന്ദ്ര ചെഹൽ വീഴ്ത്തിയതോടെ 22.5 ഓവറിൽ 130/3 എന്ന നിലയിലായി വിൻഡീസ്.

വിൻഡീസ് ക്യാപ്റ്റൻ നിക്കോളാസ് പുരാൻ ആറു സിക്സും ഒരു ഫോറും ഉൾപ്പടെ 77 പന്തിൽ 74 റൺസ് നേടി അവസരോചിതമായ ബാറ്റിം​ഗ് പുറത്തെടുത്തു. ഷാർദുൽ ഠാക്കൂറാണ് പുരാനെ പുറത്താക്കിയത്. 10 പന്തിൽ 13 റൺസ് നേടിയ റൂവ്മൻ പവലിനെയും 49–ാം ഓവറിൽ ഷായ് ഹോപ്പിനെയും ഠാക്കൂർ തന്നെയാണ് പുറത്താക്കിയത്. റൊമാരിയോ ഷെപ്പേർഡ് (11 പന്തിൽ 15), അകീൽ ഹുസൈൻ (നാല് പന്തിൽ 6) എന്നിവർ വിൻഡീസ് നിരയിൽ പുറത്താകാതെ നിന്നു. ഇന്നു ജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *