അമ്മയ്ക്കും മോഹന്‍ലാലിനുമെതിരേ ഡബ്ല്യൂസിസി നടിമാരുടെ പരസ്യ പ്രതിഷേധം

കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ അമ്മയ്ക്കും ജനറല്‍ സെക്രട്ടറി മോഹന്‍ലാലിനുമെതിരേ പരസ്യ പ്രതിഷേധവുമായി ഡബ്യൂസിസി രംഗത്ത്. കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ പ്രഖ്യാപിച്ചും ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതിലും പ്രതിഷേധിച്ച്‌ 15 നടിമാര്‍ വാര്‍ത്താസമ്മേളനം നടത്തി. നടിമാരായ രേവതി, പാര്‍വതി, പത്മപ്രിയ, രമ്യ നന്പീശന്‍, റിമ കല്ലിങ്കല്‍, ചലച്ചിത്ര അക്കാഡമി വൈസ് ചെയര്‍പേഴ്സണ്‍ ബീനാപോള്‍, സംവിധായിക അഞ്ജലി മേനോന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

ഇനി നിശബ്ദരമായി ഇരുന്നിട്ട് കാര്യമില്ലെന്ന് ബോധ്യപ്പെട്ടാണ് തങ്ങള്‍ പരസ്യമായി രംഗത്തുവരുന്നതെന്ന് നടിമാര്‍ വ്യക്തമാക്കി. ആക്രമിക്കപ്പെട്ട നടിക്ക് താരസംഘടനയില്‍ നിന്നും ഒരുതരത്തിലുള്ള നീതിയും ലഭിച്ചില്ല. ആക്രമിക്കപ്പെട്ട നടി സംഘടനയ്ക്ക് പുറത്തും കുറ്റാരോപിതനായ ദിലീപ് എന്ന നടന്‍ അകത്തുമെന്നതാണ് നിലവിലത്തെ സ്ഥിതി. സംഭവം നടന്ന് 15 മാസം കഴിഞ്ഞിട്ടും ആരും കൂടി നിന്നില്ലെന്നും എല്ലാവരും ഒപ്പമുണ്ടെന്ന് വെറുതെ പറയുകയാണെന്നും നടിമാര്‍ ആരോപിച്ചു.

അമ്മയുടെ ജനറല്‍ സെക്രട്ടറി മോഹന്‍ലാലിനെതിരേ രൂക്ഷ വിമര്‍ശനമാണ് നടി രേവതി ഉന്നയിച്ചത്. മോഹന്‍ലാല്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ദിലീപിനെതിരേ നടപടി ആവശ്യപ്പെട്ട തങ്ങളെ അപമാനിച്ചുവെന്ന് രേവതി കുറ്റപ്പെടുത്തി.

പരാതിക്കാരായ നടിമാര്‍ എന്നാണ് വാര്‍ത്താസമ്മേളനത്തില്‍ മോഹന്‍ലാല്‍ തങ്ങളെ വിശേഷിപ്പിച്ചത്. വര്‍ഷങ്ങളായി അഭിനയ മേഖലയിലുള്ള തങ്ങളുടെ പേര് പറയാന്‍ പോലുമുള്ള മാന്യത അമ്മയുടെ ജനറല്‍ സെക്രട്ടറി കാണിച്ചില്ലെന്നും രേവതി പറഞ്ഞു.

ദിലീപ് വിഷയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന അമ്മയുടെ യോഗത്തില്‍ പരാതി ഉന്നയിച്ച തങ്ങള്‍ കുറ്റപ്പെടുത്തലുകള്‍ മാത്രമാണ് കേട്ടത്. തങ്ങള്‍ക്ക് സംസാരിക്കാന്‍ ഒരു അവസരവും നല്‍കിയില്ല. യോഗത്തിന് ശേഷം മാധ്യമങ്ങളോട് ഒന്നും പറയേണ്ടെന്നാണ് അമ്മയുടെ ഭാരവാഹികള്‍ തങ്ങളോട് ആവശ്യപ്പെട്ടത്. ഇത്രയും വലിയ കുറ്റകൃത്യം ചെയ്തയാളെ സംരക്ഷിക്കുന്ന നിലപാടാണ് അമ്മ യോഗത്തില്‍ ഭാരവാഹികള്‍ സ്വീകരിച്ചത്.

ദിലീപിനെ സംരക്ഷിക്കുന്ന നിലപാട് അമ്മ എന്തിനാണ് സ്വീകരിക്കുന്നതെന്നും തങ്ങളുടെ പ്രതിഷേധം സംഘടനയ്കകെതിരേ അല്ലെന്നും കുറ്റാരോപിതനെ സംരക്ഷിക്കുന്ന സംഘടനയുടെ നിലപാടിനെതിരേയാണെന്നും നടിമാര്‍ വ്യക്തമാക്കി.

അമ്മയുടെ യോഗത്തില്‍ ആക്രമണത്തിനിരയായ നടിയെ അപമാനിക്കുന്ന നിലപാടാണ് ചില ഭാരവാഹികള്‍ സ്വീകരിച്ചത്. ഭാരവാഹികളില്‍ ഒരാളായ നടന്‍ ബാബുരാജ് ചൂടു വെള്ളത്തില്‍ വീണ പൂച്ചയോടാണ് നടിയെ ഉപമിച്ചത്. ആക്രമണത്തിനിരയായ നടിയുടെ ശബ്ദസന്ദേശം കേള്‍പ്പിച്ച ശേഷമാണ് അമ്മയുടെ യോഗത്തില്‍ തങ്ങള്‍ക്ക് സംസാരിക്കാന്‍ പോലും അവസരം കിട്ടിയതെന്ന് പാര്‍വതി പറഞ്ഞു.

തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം എന്തിനാണ് പരസ്യമായി മാധ്യമങ്ങളോട് സംസാരിച്ചതെന്ന ചോദ്യങ്ങളാണ് ഉയര്‍ന്നത്. താത്പര്യമുള്ളവര്‍ക്ക് വേണ്ടി സംഘടനയുടെ നിയമങ്ങള്‍ അമ്മ ഭാരവാഹികള്‍ മാറ്റിയെഴുതുകയാണെന്നും നീതി ഇനി തങ്ങള്‍ പ്രതീക്ഷിക്കുന്നില്ലെന്നും നടിമാര്‍ പറഞ്ഞു

Spread the love

Leave a Reply

Your email address will not be published. Required fields are marked *