വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തില്‍ ദുരിതബാധിതർക്കായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന നല്‍കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് മുതിർന്ന നേതാവ് എ കെ ആന്റണി.കേരളത്തില്‍ ഇതുവരെ ഉണ്ടാകാത്ത ദുരന്തമാണ് വയനാട് ഉണ്ടായത്.രാഷ്ട്രീയം മറന്ന് ഈ ദുരന്തത്തില്‍ അകപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ പ്രവർത്തനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപ സംഭാവന നല്‍കുമെന്നും മടി കാണിക്കാതെ എല്ലാവരും അതിലേക്ക് സംഭാവന നല്‍കണമെന്നും എ കെ ആൻ്റണി ആവശ്യപ്പെട്ടു.നേരത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയും ദുരിതബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നല്‍കിയിരുന്നു.മാത്രമല്ല കോണ്‍ഗ്രസ് എംഎല്‍എമാരുടെ ഒരുമാസത്തെ ശമ്ബളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഒരു മാസത്തെ എംഎല്‍എ ശമ്ബളം നല്‍കിയ രമേശ് ചെന്നിത്തലയെ വിമർശിച്ച് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ രംഗത്തെത്തിയതും വിവാദമായിരുന്നു.ഇടതുപക്ഷത്തിന് പണം നല്‍കേണ്ട ആവശ്യമില്ലെന്നും സംഭാവന നല്‍കാൻ കോണ്‍ഗ്രസിന്റേതായ ഫോറങ്ങളുണ്ടെന്നും അതിലൂടെ സംഭാവന നല്‍കുകയാണ് വേണ്ടതെന്നുമായിരുന്നു സുധാകരൻ പറഞ്ഞത്. സർക്കാരിന് സംഭാവന നല്‍കണമെന്ന് ഇവിടെയാരും പറഞ്ഞിട്ടില്ലെന്ന് സുധാകരൻ പറഞ്ഞിരുന്നു. സുധാകരൻ്റെ പ്രസ്താവനയെ വി ഡി സതീശൻ തള്ളിയിരുന്നു.













