വ്യാജ സിദ്ധന്മാരുടെ ‘സ്വന്തം’കേരളം

Untitled drawing(1)നിസ
എത്ര കൊണ്ടാലും കേരളം പഠിയ്ക്കുന്നില്ലെന്നാണ് ഇക്കഴിഞ്ഞ മാസം വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സംഭവവും തെളിയിക്കുന്നത്. കൊല്ലം കരുനാഗപ്പള്ളിയില്‍ മന്ത്രവാദത്തിനിടെ വ്യജസിദ്ധന്റെ ചവിട്ടേറ്റ് യുവതി മരിച്ച വാര്‍ത്ത അച്ചടി- ദൃശ്യ മാധ്യമങ്ങളെല്ലാം തന്നെ വലിയ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ടു ചെയ്തത്. ഏറെ ചര്‍ച്ചകളും ആശങ്കകളും സംഭവം സൃഷ്ടിയ്ക്കുകയും ചെയ്തു. എന്നാലീ കോലാഹലങ്ങളെല്ലാം വീണ്ടും പുകമറയ്ക്കുള്ളില്‍ മറയുമെന്നതാണ് ഏറ്റവും ദു:ഖകരമായ സത്യം.
ജന്മനാ മാനസിക വൈകല്യമുള്ള തഴവ സ്വദേശിനിയായ 26 കാരിയാണ് കൊല്ലത്ത് വ്യാജ സിദ്ധന്റെ ചവിട്ടേറ്റ് മരിച്ചത്. ബാധയൊഴിപ്പിയ്ക്കാനെന്ന പേരില്‍ പട്ടിണിയ്ക്കിട്ട് അര്‍ധരാത്രി യുവതിയെ മര്‍ദ്ദിയ്ക്കുന്നതിനിടെ നട്ടെല്ലിന് ചവിട്ടേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് വയറിനുള്ളില്‍ രക്തം കട്ട പിടിച്ചാണ് യുവതി മരിച്ചത്. മുഹമ്മദ് സിറാജുദ്ദീന്‍ എന്നയാളാണ് സംഭവത്തില്‍ മുഖ്യപ്രതിയായ വ്യാജ സിദ്ധന്‍. ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി.
സംഭവം നടന്ന് ദിവസങ്ങള്‍ക്കു ശേഷമാണ് പുറം ലോകം വിവരമറിയുന്നത്. കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് യുവതിയുടെ മൃതദേഹം രഹസ്യമായി സംസ്‌കരിയ്ക്കാനാണ് കുടുംബാംഗങ്ങളും ശ്രമിച്ചത്. ഈ അവസ്ഥയ്ക്കാണ് ആദ്യം മാറ്റം വരേണ്ടത്. ഇത്തരം കൊലപാതകങ്ങളും ദുരന്തങ്ങളും നാള്‍ക്കുനാള്‍ വര്‍ധിച്ചു വരുന്നുണ്ടെങ്കിലും ഇതിനെതിരെ ശക്തമായ നടപടി കൈക്കൊള്ളാന്‍ സര്‍ക്കാരിനോ നിയമത്തിനോ കഴിയുന്നില്ല. പൊതു ജനങ്ങളാണെങ്കില്‍ യുക്തിയില്ലാത്ത യന്ത്ര- മന്ത്ര-തന്ത്രങ്ങളില്‍ നിന്ന് മാറി ചിന്തിയ്ക്കാനും തയ്യാറല്ല.
രോഗശമനം, ബാധയൊഴിപ്പിയ്ക്കല്‍ തുടങ്ങി അയല്‍പക്കത്തെ കാരണവരുടെ കാലൊടിയാന്‍ വരെ സിദ്ധന്മാരെ സമീപിയ്ക്കുന്നവരാണ് ഇവരിലധികവും. വ്യാജ സിദ്ധന്മാര്‍ക്ക് വളരാന്‍ എക്കാലത്തും വളം പകര്‍ന്ന മണ്ണാണ് കേരളത്തിന്റേത്. ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളം ഇന്ന് ആള്‍ദൈവങ്ങളുടെയും സിദ്ധന്മാരുടെയും സ്വന്തം കേരളമായി മാറാന്‍ വഴി വെച്ചതും ഈ വളം പകരല്‍ തന്നെയാണ്. മതത്തില്‍ അന്ധമായി വിശ്വാസമുള്ളവരെയാണ് വ്യാജന്മാര്‍ ഏറ്റവുമധികം മുതലെടുക്കുന്നത്.
വിശ്വാസത്തെ മുതലെടുക്കുന്നു എന്നതിലുപരി വന്‍ പണം തട്ടിപ്പാണ് ഇവര്‍ നടത്തി വരുന്നത്. മുഖ്യധാരാ മാധ്യമങ്ങളില്ലാം പരസ്യം നല്‍കിയാണ് അവര്‍ കസ്റ്റമേഴ്‌സിനെ വല വീശി പിടിയ്ക്കുന്നത്. കടം, തൊഴില്‍ പ്രശ്‌നം, മദ്യപാനം, പുകവലി, ഭൂത- പ്രേത ബാധ… ഇങ്ങനെ പോകുന്നു പരിഹരിച്ചു തരുന്ന പ്രശ്‌നങ്ങള്‍. വശ്യവാരാഹിയന്ത്രം, ശ്രീസൂക്തയന്ത്രം, ശൂലിനീ യന്ത്രം, രക്ത ചാമുണ്ഡീയന്ത്രം എന്നിങ്ങനെ സാധാരണക്കാരന് പെട്ടെന്ന് ഗ്രഹിച്ചെടുക്കാന്‍ പറ്റാത്ത ഒരു പിടി യന്ത്രങ്ങളുമായാണ് കച്ചവടം.
ഏലസുകാരും കുറവല്ല. വ്യാജ തങ്ങളുമാരും ബീവിമാരുമെല്ലാമാണ് പ്രധാന ഏലസുകാര്‍. ഇവര്‍ മിക്കവാറും അറബി മന്ത്രവാദം അല്ലെങ്കില്‍ അറബി ജ്യോതിഷം എന്ന പേരിലാണ് തട്ടിപ്പ് നടത്തുന്നത്. മലബാറില്‍ അറബി മന്ത്രവാദികള്‍ക്ക് പലയിടങ്ങളിലും ഇടനിലക്കാരായി ടെലി കോളര്‍മാരുണ്ട്. ഏലസുകളും വിവിധ മരുന്നുകളുമെത്തിയിക്കാന്‍ ഏജന്റുകള്‍ വേറെ.
മലയോര മേഖലകള്‍ കേന്ദ്രമാക്കി പ്രവര്‍ത്തിയ്ക്കുന്ന നിരവധി വ്യാജ ധ്യാനക്കാരും ഇക്കൂട്ടത്തിലുണ്ട്. കുരിശിന്റെ വഴിയെന്നു പറഞ്ഞ് വിശ്വാസികളെ വഴി തെറ്റിച്ച് കൊള്ളയടിച്ച് വിടുകയാണ് ഇലരുടെ കാര്യപരിപാടി. മദ്യപാനം നിര്‍ത്തുന്നതിനും തൊഴില്‍ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കുന്നതിനുമാണ് മിക്കവാറും ആളുകള്‍ ഇവരെ സമീപിയ്ക്കുക.
കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് ഒരു പ്രമുഖ മലയാള പത്രത്തില്‍ ജ്യോത്സനാണെന്ന് അവകാശപ്പെടുന്നയാള്‍ നല്‍കിയപരസ്യത്തിലെ വാചകങ്ങളിങ്ങനെയാണ്- ‘പ്രളയത്തില്‍നിന്നും ഭൂകമ്പത്തില്‍ നിന്നും കാട്ടു മൃഗങ്ങളില്‍ നിന്നും അമ്പും വില്ലില്‍ നിന്നുമൊക്കെ രക്ഷ നേടാന്‍ സമീപിയിക്കുക’ ബേപ്പൂരുള്ള ഒരു പണിക്കരാണ് പരസ്യം നല്‍കിയിരുന്നത്. ഇത്തരത്തില്‍ യുക്തിയ്ക്ക് നിരക്കാത്ത രീതിയിലുള്ള കാര്യങ്ങള്‍ പറഞ്ഞാല്‍ പോലും ആളുകള്‍ ഇവരെയെല്ലാം മൂഢമായി വിശ്വസിച്ചു പോവുന്നു എന്നത് ഖേദകരമാണ്. നീണ്ട അനുഭവക്കുറിപ്പുകള്‍ എവുതി പരസ്യം ചെയ്യുന്ന ഏര്‍പ്പാടും കുറവല്ല.
ഇതിനിടയില്‍ ആഭിചാര കര്‍മ്മങ്ങളെന്ന പേരില്‍ സ്ത്രീകള്‍ക്കെതിരെയുള്ള ചൂഷണം നിത്യ സംഭവമായിരിയ്ക്കുകയാണ്. ഭര്‍ത്താവോ കുടുംബത്തിലെ മറ്റ് മുതിര്‍ന്നവരോ അറിയാതെ സിദ്ധന്മാരെ സമീപിയ്ക്കുന്ന സ്ത്രീകളുടെ പക്കല്‍ നിന്ന് പണവും ആഭരണങ്ങളും കവരുന്നതിനു പുറമെയാണ് അവരുടെ മാനത്തിന് വിലപേശുന്നത്. ഇക്കാര്യങ്ങള്‍ പുറത്തു പറയാതെ ഉള്ളിലൊതുക്കുകായണ് മിക്കവാറും എല്ലാ ഇരകളും ചെയ്യുന്നത്.
പരാതി നല്‍കിയാലും നടപടി കൈക്കൊള്ളേണ്ട ഉത്തരവാദിത്തമുള്ള ജനപ്രതിനിധികള്‍ തന്നെയാണ് പലപ്പോഴും വ്യാജന്മാരുടെ പി.ആറുകളായി പ്രവര്‍ത്തിയ്ക്കുന്നത്. താരായന്ത്രം എന്ന പേരില്‍ തട്ടിപ്പു നടത്തി വരുന്ന ഒരു സ്ത്രീയ്ക്ക് ജ്യോതിഷ മേഖലയിലെ സംഭാവനകളുടെ പേരില്‍ അവാര്‍ഡ് നല്‍കിയ ഒരു മന്ത്രി വരെ നമ്മുടെ സാംസ്‌കാരിക കേരളത്തിന് ഇന്നുണ്ട്. രാജാക്കന്മാരെ വിജയികളാക്കുകയും, ഇടതു കയ്യില്‍ കെട്ടിയാല്‍ പുരുഷന്മാരെ ധനവാന്മാരും വലതു കയ്യില്‍ കെട്ടിയാല്‍ സ്ത്രീകളെ ഉന്നതിയിലുള്ളവരുമാക്കുന്ന ഈ യന്ത്രത്തിനുള്‍പ്പെടെ വിപണിയിലുള്ള മിക്ക യന്ത്രങ്ങള്‍ക്കും പല അംഗീകൃത കേന്ദ്രങ്ങളുടെയും സാക്ഷ്യപത്രവുമുണ്ട്.
ആള്‍ദൈവങ്ങള്‍ വാഴുന്ന കേരളത്തെ കുറിച്ച് ഒരു സ്വകാര്യ ചാനല്‍ ഇപ്പോള്‍ നടത്തി വരുന്ന അന്വേഷമണാത്മക പരമ്പരയില്‍ കാണിച്ച പല വ്യാജസിദ്ധന്മാരും മുമ്പ് സന്തോഷ് മാധവന്‍ എന്ന ആസാമിയുടെ അറസ്‌റ്റോടെ മാളത്തില്‍ ഒതുങ്ങിയവരായിരുന്നു. നിരവധി പീഡനക്കേസുകളിലും തട്ടിപ്പു കേസുകളിലും പ്രതിയായിരുന്ന സന്തോഷ് മാധവനെ 2008ലാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതെ തുടര്‍ന്ന് ഏറെ കാലത്തേയ്ക്ക് ഇത്തരം തട്ടിപ്പുകാരുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധങ്ങളുയര്‍ന്നിരുന്നു. ഇപ്പോള്‍ വീണ്ടും ഇവര്‍ സജീവമായതാണ് പരസ്യങ്ങളും റിപ്പോര്‍ട്ടുകളും സൂചിപ്പിയ്ക്കുന്നത്.
ഒരു ജില്ലയില്‍ നിന്നും അറസ്റ്റ് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് തൊട്ടടുത്ത ജില്ലയിലേക്കും അവിടെയും അറസ്റ്റ് നടന്നതിനെ തുടര്‍ന്ന അടുത്ത സ്ഥലത്തേയ്ക്കും ചേക്കേറിയ വിദഗ്ധന്മാര്‍ വരെ ഈ വ്യാജന്മാരുടെ ഇടയിലുണ്ട്. വ്യക്തമായി ഇവരെ പറ്റി അന്വേഷിക്കുകയാണെങ്കില്‍ തട്ടിപ്പിനിരയാവാതിരിയ്ക്കാം. എന്നാല്‍ അന്വേഷണമെല്ലാം നടത്തി കാര്യം നടത്താന്‍ ആര്‍ക്കാണ് സമയം!
ആഴത്തിലുള്ള അന്വേഷണത്തിനും തുടര്‍ നടപടികള്‍ക്കും മുന്‍കയ്യെടുക്കേണ്ടത് ഭരണാധികാരികള്‍ തന്നെയെങ്കിലും സ്വയം പറ്റിയ്ക്കപ്പെടാതിരിയ്ക്കാനായി ഒരല്‍പം യുക്തിയും ബുദ്ധിയും സ്വയം ഉപയോഗിക്കേണ്ട ബാധ്യത പൊതുജനങ്ങള്‍ക്കുമുണ്ട്. അത് പലപ്പോഴും കേവലം വ്യക്തി രക്ഷ എന്നതിലുപരി ഒരു സാമൂഹിക നന്മ കൂടിയാവുകയും ചെയ്‌തേക്കാം.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *