
ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നടൻ ടൊവിനോ തോമസിന്‍റെ ചിത്രം ഉപയോഗിച്ച സംഭവത്തിൽ വിശദീകരണവുമായി തൃശ്ശൂരിലെ എൽ.ഡി.എഫ് സ്ഥാനാർഥി വി.എസ്. സുനിൽ കുമാർ. ടൊവിനോ തെരഞ്ഞെടുപ്പ് കമീഷന്‍റെ ബ്രാൻഡ് അംബാസഡർ ആണെന്ന് അറിഞ്ഞിരുന്നില്ലെന്ന് സുനിൽ കുമാർ വ്യക്തമാക്കി. ഇക്കാര്യം അറിഞ്ഞപ്പോൾ തന്നെ ചിത്രം പിൻവലിച്ചു. നടനോടൊപ്പമുള്ള ചിത്രം പൂങ്കുന്നത്ത് വച്ച് എടുത്തതാണെന്നും സുനിൽ കുമാർ പറഞ്ഞു.തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തന്‍റെ ചിത്രം ഉപയോഗിച്ചതിൽ എതിർപ്പുമായി നടൻ ടൊവിനോ തോമസ് രംഗത്തെത്തിയിരുന്നു.
സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍റെ അംബാസഡർ ആയതിനാൽ തന്‍റെ ചിത്രമോ തന്നോടൊപ്പമുള്ള ചിത്രമോ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് ടൊവിനോ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.തൃശൂർ ലോക്സഭ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി വി.എസ്. സുനിൽ കുമാർ ടൊവിനോക്കൊപ്പമുള്ള ചിത്രം തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ടൊവിനോയുടെ എഫ്.ബി. പോസ്റ്റിന് പിന്നാലെ ചിത്രം സമൂഹ മാധ്യമത്തിൽ നിന്ന് സുനിൽ കുമാർ നീക്കി.

