ജിബിജി നിധി തട്ടിപ്പ് കേസ് പ്രതി വിനോദ് കുമാര്‍ 2012ലെ സാമ്പത്തിക തട്ടിപ്പ് കേസിലും പ്രതി

കാസര്‍ഗോട്ടെ ജിബിജി നിധി സ്ഥാപന ഉടമ വിനോദ് കുമാര്‍ 2012ലും സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതി. ഗ്രാമീണ സൂപ്പര്‍ മാര്‍ക്കറ്റ് എന്ന സംരഭത്തിന്റെ പേരില്‍ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നായി നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയതിലെ മുഖ്യ പ്രതിയാണ് വിനോദ് കുമാര്‍.

ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസില്‍ തലശേരി കോടതിയില്‍ ഉടന്‍ വിചാരണ നടപടികളും ആരംഭിക്കും.2011, 2012 കാലയളവിലാണ് ഗ്രാമീണ സൂപ്പര്‍ മാര്‍ക്കറ്റ് എന്ന സംരഭവുമായി വിനോദ് കുമാര്‍ ആദ്യമായി രംഗത്തെത്തുന്നത്. ഇരുപതിലധികം ഡയറക്ടര്‍മാര്‍ കൂട്ടാളികളായി ചേര്‍ന്നു. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നായി കോടികളുടെ നിക്ഷേപം സ്വീകരിച്ച് സൂപ്പര്‍ മാര്‍ക്കറ്റുകള്‍ സ്ഥാപിച്ചു. കര്‍ഷകരില്‍ നിന്നും നേരിട്ട് സാധനങ്ങള്‍ വാങ്ങി മിതമായ നിരക്കില്‍ വില്‍പ്പന നടത്തുമെന്നായിരുന്നു വാഗ്ദാനം.10 മാസം നിക്ഷേപകര്‍ക്ക് കൃത്യമായി ലാഭ വിഹിതം ലഭിച്ചു. എന്നാല്‍ സ്ഥാപനം ആരംഭിച്ച് ഒരു വര്‍ഷം പിന്നിട്ടത്തോടെ നിക്ഷേപകര്‍ക്ക് പണം ലഭിക്കാതെയായി. പിന്നീട് പുറത്തുവന്നത് കോടികളുടെ തട്ടിപ്പിന്റെ കഥകള്‍ മാത്രം.

കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലായി 14 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ ഡയറക്ടര്‍മാര്‍ ഉള്‍പ്പടെ 29 പേരുടെ പ്രതി പട്ടിക. കേസില്‍ വിനോദ് കുമാര്‍ ജയില്‍ വാസവും അനുഭവിച്ചു.ഒരിടവേളയ്ക്ക് ശേഷം 2020ല്‍ വിനോദ് കുമാര്‍ കൂടുതല്‍ ശക്തനായി വീണ്ടും രംഗത്തെത്തി. തന്റെ തട്ടിപ്പുകളെ കുറിച്ച് നല്ല ബോധ്യമുള്ള ജനങ്ങളെ ഇരട്ടി പലിശ വാഗ്ദാനം ചെയ്തും, ഉന്നതരുമായി ബന്ധമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചുമാണ് വീണ്ടും കബളിപ്പിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *