കുക്കി- മെയ്തെയ് സംഘർഷത്തിന് പിന്നാലെ മണിപ്പൂരിൽ ജാഗ്രത നിർദേശം. നിരീക്ഷണത്തിനും പരിശോധനകൾക്കും ആഭ്യന്തര വകുപ്പിന്റെ നിർദേശം ലഭിച്ചു. പ്രശ്‌നബാധിത മേഖലകളിൽ അതീവ ശ്രദ്ധ വേണമെന്ന് ജില്ലാ പൊലീസ് മേധാവിമാർക്ക് ഡിജിപി കത്ത് അയച്ചു. ഇംഫാൽ വെസ്റ്റിലെ അക്രമത്തിൽ പരിക്കേറ്റവരുടെ നില ഗുരുതരമാണ്. സംഭവത്തിൽ കർശന നടപടി ഉണ്ടാകുമെന്ന് മണിപ്പൂർ സർക്കാർ വ്യക്തമാക്കി.
ആക്രമണത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെടുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. പരിക്കേറ്റ ഒമ്പത് പേരിൽ അഞ്ച് പേർക്ക് വെടിയേറ്റ മുറിവുകളും മറ്റുള്ളവർക്ക് ബോംബ് സ്‌ഫോടനത്തിൽ പരിക്കേറ്റതായും ആശുപത്രി അധികൃതർ അറിയിച്ചു. വെസ്റ്റ് ഇംഫാൽ-കാംങ്പോക്പി ജില്ലകൾ തമ്മിലുള്ള അതിർത്തി പ്രദേശത്ത് ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഘർഷം. ഇംഫാൽ വെസ്റ്റിൽ മെയ്തേയ് സമുദായമാണ് ആധിപത്യം പുലർത്തുന്നത്, കാങ്പോക്പിയിൽ കുക്കി ഭൂരിപക്ഷമാണ്.

സംഭവത്തിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തിയിരുന്നു. ഡ്രോൺ ഉപയോഗിച്ച് നടത്തിയ ബോംബാക്രമണത്തിൽ ഒരു വീട് പൂർണമായും തകർന്നു. ആർക്കും പരിക്കില്ല. അതിർത്തി സപര്ഖ സേന ഓഫീസിന് സമീപമാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിനെതിരെ കുക്കി-സോ വിഭാഗങ്ങൾ പ്രതിഷേധ റാലി നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം.













