കാടിന്റെ പശ്ചാത്തലത്തില്‍ കഥപറയുന്ന തമിഴ് ചിത്രം വേടത്തി പ്രദര്‍ശനത്തിനൊരുങ്ങുന്നു. കുളന്തേ ഫിലിംസ് ചെന്നൈയുടെ ബാനറില്‍ പിറവി കൊള്ളുന്ന ഈ ചിത്രം തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷയില്‍ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ സുരേഷ്‌ജെയിന്‍ സംവിധാനം ചെയ്യുന്നു. പ്രണയും വയലന്‍സും നിറഞ്ഞ തമിഴ് സിനിമയ്ക്ക് പരിചിതമായ പശ്ചാത്തലമാണ് വേടത്തിയുടേത്. പുതുമുഖതാരങ്ങളാണ് പ്രധാന വേഷത്തില്‍ അഭിനയിച്ചിരിക്കുന്നത്.
കാടിനുള്ളില്‍ ജീവിക്കുന്ന മനുഷ്യുടെ കഥ പറയുന്ന ചിത്രമാണിത്. കാടിനപ്പുറം ലോകമില്ലെന്ന് വിശ്വസിക്കുന്ന ഇവര്‍ക്ക് പരിഷ്‌ക്കാരികളായ മനുഷ്യരെ ഭയമാണ്. ഇടയ്ക്ക് വന്നു പോവുന്ന ഇത്തരം ആളുകള്‍ ഇവരെ ചൂഷണം ചെയ്യുകയാണ് പതിവ്. നിരന്തരം ചൂഷണത്തിന് വിധേയരാകുന്ന ഇവരുടെ ചെറുത്തു നില്‍പ്പിന്റെ കഥയാണ് പഴമയും പുതുമയും ചേര്‍ത്ത് പറയുന്നത്.
നാഗലാന്റിലെ വനത്തിനുള്ളില്‍ വെച്ചാണ് സിനിമ പൂര്‍ണ്ണമായും ചിത്രീകരിച്ചത്. ഛായാഗ്രഹണം നിഷാദ്ഖാന്‍, സംഗീതം ദുര്‍ഗ്ഗ, എഡിറ്റിംഗ് ധര്‍മ്മലാല്‍, പരസ്യകല ഭദ്ര പുതുമുഖതാരങ്ങളായ റോക്കി, യാഷിക്ക തുടങ്ങിയവരോടൊപ്പം നാഗാലാന്റിലെ ചലച്ചിത്രതാരങ്ങളും കഥാപാത്രങ്ങളായി എത്തുന്നു. തമിഴ്‌നാടിനോടൊപ്പം കേരളത്തില്‍ വൈശാലി റിലീസും പാഞ്ചജന്യം ഫിലിംസും ചേര്‍ന്ന് ജൂലൈ അവസാനവാരം പ്രദര്‍ശനത്തിനെത്തിക്കും.