പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉത്തരം മുട്ടിയെന്ന വിമര്‍ശനവുമായി വി ഡി സതീശന്‍


പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉത്തരം മുട്ടിയെന്ന വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ചോദ്യങ്ങള്‍ ഇനിയും ചര്‍ച്ചയാക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്രതിപക്ഷം ഉയര്‍ത്തുന്ന ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മുഖ്യമന്ത്രിയ്ക്ക് മറുപടിയില്ലെന്ന് ജനങ്ങള്‍ക്ക് ബോധ്യമായെന്നും മുഖ്യമന്ത്രിയുടെ വായടപ്പിക്കാന്‍ പ്രതിപക്ഷത്തിന് സാധിച്ചെന്നും അദ്ദേഹം പുതുപ്പള്ളിയില്‍ പറഞ്ഞു. സതിയമ്മ വിവാദത്തിലും രൂക്ഷമായ വിമര്‍ശനമാണ് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയ്ക്ക് നേരെ ഉയര്‍ത്തിയത്.


ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്നെങ്കില്‍ സാങ്കേതികത്വം നോക്കാതെ അദ്ദേഹം മനുഷ്യത്വം നോക്കി ഇടപെട്ടേനെയെന്ന് വി ഡി സതീശന്‍ അഭിപ്രായപ്പെട്ടു. ഉമ്മന്‍ ചാണ്ടിയും പിണറായി വിജയനും തമ്മിലുള്ള വ്യത്യാസം സതിയമ്മ വിവാദത്തില്‍ നിന്ന് വ്യക്തമാണ്. വിനാശകാലേ വിപരീത ബുദ്ധി എന്നതാണ് സതിയമ്മ വിവാദം തെളിയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പിണറായി വിജയന് മനുഷ്യത്വവും മനസാക്ഷിയുമില്ലെന്ന് വി ഡി സതീശന്‍ കുറ്റപ്പെടുത്തി.


സംഭവത്തിന്റെ ഭാഗമായുള്ള യുഡിഎഫ് നേതാക്കള്‍ക്കെതിരായ കേസ് ആരെ ഭയപ്പെടുത്താനെന്ന് വി ഡി സതീശന്‍ ചോദിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരുസംഘം ആഭ്യന്തര വകുപ്പിനെ ഹൈജാക്ക് ചെയ്തു. അച്ചു ഉമ്മനെതിരായ സൈബര്‍ ആക്രമണം സിപിഐഎം കേന്ദ്രങ്ങളുടെ നിര്‍ദേശ പ്രകാരമായിരുന്നെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.



Sharing is Caring