യെമനിൻ ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരെ സംയുക്ത വ്യോമാക്രമണം നടത്തി യു.എസും യു.കെയും. 13 പ്രദേശങ്ങളിലായി 36 ലക്ഷ്യങ്ങള്‍ തകർത്തു.ചെങ്കടലില്‍ അന്താരാഷ്ട്ര കപ്പലുകള്‍ക്ക് നേരെ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ഓസ്ട്രേലിയ, ഡെൻമാർക്ക്, കാനഡ, ബഹ്റൈൻ, നെതർലൻഡ്സ്, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളുടെ പിന്തുണയോടെയായിരുന്നു ആക്രമണം. ആളപായമുള്ളതായി റിപ്പോർട്ടില്ല. ആക്രണത്തിന് തിരിച്ചടി നല്‍കുമെന്ന് ഹൂതികള്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം ചെങ്കടലിനെ ലക്ഷ്യമാക്കിയ എട്ട് ഹൂതി ഡ്രോണുകള്‍ യു.എസ് വെടിവച്ചിട്ടിരുന്നു. ഗാസ യുദ്ധത്തില്‍ പാലസ്തീനികള്‍ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതർ ചെങ്കടലില്‍ ആക്രമണം തുടരുന്നത്. ഇസ്രയേലുമായി ബന്ധമുള്ള കപ്പലുകളെയാണ് ആക്രമിക്കുന്നതെന്ന് ഹൂതികള്‍ പറയുന്നുണ്ടെങ്കിലും ബന്ധമില്ലാത്ത കപ്പലുകളും ആക്രമിക്കപ്പെടുന്നുണ്ട്. ചെങ്കടലിലൂടെയുള്ള ആഗോള ചരക്കുനീക്കം തടസപ്പെട്ടതോടെയാണ് യു.എസിന്റെ നേതൃത്വത്തില്‍ തിരിച്ചടി തുടങ്ങിയത്.














