2026 ഫിഫ ലോകകപ്പ് ഫുട്ബാള്‍ ടൂർണമെന്‍റിന്‍റെ ഫൈനല്‍ അമേരിക്കയിലെ ന്യൂ ജഴ്സിയില്‍

ന്യൂയോർക്ക്: 2026 ഫിഫ ലോകകപ്പ് ഫുട്ബാള്‍ ടൂർണമെന്‍റിന്‍റെ ഫൈനല്‍ മത്സരത്തിന് ജൂലൈ 19ന് യു.എസ്.എയിലെ ന്യൂ ജഴ്സിയിലുള്ള മെറ്റ്ലൈഫ് സ്റ്റേഡിയം വേദിയാകും.ജൂണ്‍ 11നാണ് ഉദ്ഘാടന മത്സരം. മോക്സിക്കോയിലെ എസ്റ്റാഡിയോ അസ്റ്റെക്ക സ്റ്റേഡിത്തിലാണ് മത്സരം.

യു.എസ്.എ, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങള്‍ സംയുക്തമായി വേദിയാകുന്ന ലോകകപ്പില്‍ 48 ടീമുകള്‍ പങ്കെടുക്കും. 39 ദിവസങ്ങളിലായി 104 മത്സരങ്ങളാണ് 16 സ്റ്റേഡിയങ്ങളിലായി നടക്കുക. അറ്റ്ലാന്‍റയിലും ഡല്ലാസിലുമായാണ് സെമി ഫൈനല്‍ മല്‍സരങ്ങള്‍. മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള മല്‍സരം മയാമിയില്‍ നടക്കും. മൂന്നാം തവണയാണ് മോക്സികോ ലോകകപ്പിന് വേദിയാകുന്നത്. 1970, 1986 ലോകകപ്പുകള്‍ മെക്സിക്കോയിലായിരുന്നു. 1994ല്‍ യു.എസും വേദിയായി.

കാനഡ ആദ്യമായാണ് ലോകപ്പിന് വേദിയാകുന്നത്. ജൂണ്‍ 12ന് ടൊറന്‍റോയിലാണ് കാനഡയിലെ ആദ്യ മത്സരം. 1986 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ അര്‍ജന്‍റൈന്‍ ഫുട്ബാള്‍ ഇതിഹാസം ഡീഗോ മറഡോണ ‘ദൈവത്തിന്‍റെ കൈ’ എന്ന് വെളിപ്പെടുത്തിയ വിവാദമായ ഗോള്‍ നേടിയത് അസ്റ്റെക്ക സ്റ്റേഡിത്തിലായിരുന്നു. അന്ന് ജൂണ്‍ 22ന് ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിലായിരുന്നു ഈ ഗോള്‍. താരത്തിന്‍റെ നൂറ്റാണ്ടിന്‍റെ ഗോള്‍ പിറന്നതും ഇതേ മത്സരത്തിലായിരുന്നു.

യു.എസ് നഗരങ്ങളായ ലോസ് ആഞ്ചലസ്, കന്‍സാസ് സിറ്റി, മയാമി, ബോസ്റ്റണ്‍ എന്നിവിടങ്ങളിലാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരങ്ങള്‍. 1994ലെ അമേരിക്കൻ ലോകകപ്പിന്‍റെ ഫൈനല്‍ മത്സരം റോസ് ബൗളിലായിരുന്നു. റോസ് ബൗള്‍ നവീകരിച്ചാണ് 2010ല്‍ െമറ്റ് ലൈഫ് സ്റ്റേഡിയം പണിതുയര്‍ത്തിയത്. 82,500 പേരെ ഉള്‍ക്കൊള്ളാനാവുന്നതാണ് സ്റ്റേഡിയം.

ഞായറാഴ്ച നടന്ന ചടങ്ങില്‍ ഫിഫ പ്രസിഡന്‍റ് ജിനായി ഇൻഫാന്‍റിനോ, ഹോളിവുഡ് നടൻ കെവിൻ ഹാർട്ട്, റാപ്പർ ഡ്രാക് എന്നിവർ ചേർന്നാണ് ലോകകപ്പ് വേദികള്‍ പ്രഖ്യാപിച്ചത്. 2025 അവസാനത്തോടെ ഗ്രൂപ്പ് മത്സരങ്ങളുടെ നറുക്കെടുപ്പ് നടക്കും. ഖത്തർ ലോകകപ്പിനേക്കാള്‍ 10 ദിവസം അധികം നീണ്ടുനില്‍ക്കുന്നതാണ് 2026ലെ ലോകകപ്പ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *