ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം ഉത്തര്‍ പ്രദേശില്‍ വര്‍ഗീയ കലാപങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് യോഗി ആദിത്യനാഥ്

ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം ഉത്തര്‍ പ്രദേശില്‍ വര്‍ഗീയ കലാപങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 2017 മുതലുള്ള തന്റെ ഭരണകാലത്ത് വര്‍ഗീയ കലാപങ്ങള്‍ ഉണ്ടായിട്ടില്ല. അതിന് മുമ്പ് മുസാഫര്‍നഗര്‍, മീററ്റ്, മൊറാദാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ കലാപങ്ങളും കര്‍ഫ്യുകളും ഉണ്ടായിരുന്നു.

രാമനവമി ദിനത്തില്‍ സംസ്ഥാനത്ത് മാത്രം ഒരു കലാപവും ഉണ്ടായില്ല. ഈദ് ദിനത്തില്‍ റോഡുകളില്‍ നമസ്‌കരിക്കുന്നത് ബിജെപി സര്‍ക്കാര്‍ നിര്‍ത്തലാക്കി. ആദ്യമായാണ് ഈദ് ദിനത്തിലും റമദാനിലെ അവസാന വെള്ളിയാഴ്ചയിലും സംസ്ഥാനത്ത് റോഡുകളില്‍ നമസ്‌കാരം നടക്കതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശിലെ അനധികൃത കശാപ്പ് ശാലകള്‍ അടച്ചുപൂട്ടി. തെരുവിലലയുന്ന കന്നുകാലികളെ പിടിച്ചുകെട്ടാന്‍ കൂടുതല്‍ ഗോ സംരക്ഷണ കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ നിര്‍മിച്ചു. ആരാധനാലയങ്ങളില്‍ നിന്ന് ഉച്ചഭാഷിണികള്‍ നീക്കം ചെയ്തു. പകരം 700 ലധികം ആരാധനാലയങ്ങള്‍ പുനര്‍നിര്‍മിച്ചു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ കുതിച്ചുയര്‍ന്നെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.

ബിസിനസ് ചെയ്യാന്‍ ഏറ്റവും എളുപ്പമുള്ള സംസ്ഥാനങ്ങളില്‍ രാജ്യത്ത് രണ്ടാം സ്ഥാനത്താണ് ഉത്തര്‍പ്രദേശ്. സംസ്ഥാനം ഇന്ന് എക്സ്പ്രസ് വേ എന്നാണ് അറിയപ്പെടുന്നത്. മികച്ച ജീവിതരീതി നിലനില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ ഉത്തര്‍ പ്രദേശ് ഒന്നാം സ്ഥാനത്താണ്. 70 വര്‍ഷം കൊണ്ട് സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നാലില്‍ ഒന്ന് മാത്രമായിരുന്നു. ഇത് അഞ്ച് വര്‍ഷം കൊണ്ട് രണ്ടിരട്ടിയാക്കി വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞുവെന്നും യോഗി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *