ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. ഗവർണറെ കായികമായ അക്രമിച്ച് വരുതിയിൽ കൊണ്ടുവരാനുള്ള ശ്രമം നടക്കുന്നതായി ആരോപണം. കൊല്ലത്തെ സംഭവം പൊലീസിന് മുൻകൂട്ടി അറിയാമായിരുന്നു. വേണ്ട മുൻകരുതൽ എടുത്തില്ലെന്നും വി മുരളീധരൻ.ഗവർണർക്ക് ആവശ്യമായ സുരക്ഷ ഒരുക്കിയില്ല. ഭരണഘടനാപരമായ ഉത്തരവാദിത്വം പാലിക്കാൻ ആഭ്യന്തര വകുപ്പ് പരാജയപ്പെട്ടു.
ഗവർണറെ ഗുണ്ടകളെ ഉപയോഗിച്ച് അപായപ്പെടുത്താൻ സാഹചര്യമൊരുക്കി. ഇത് തീ കളിയാണെന്ന് മുഖ്യമന്ത്രി മനസ്സിലാക്കണമെന്നും വി മുരളീധരൻ പറഞ്ഞു. നിലമേലിൽ വെച്ചായിരുന്നു ആരിഫ് മുഹമ്മദ് ഖാനെതിരായ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം.കരിങ്കൊടി കാണിച്ചതിൽ ക്ഷുഭിതനായ ഗവർണർ കാറിൽ നിന്നിറങ്ങുകയും റോഡരികിലുള്ള കടയ്‌ക്ക് മുന്നിൽ ഇരുന്നുകൊണ്ട് പൊലീസിനെ ശകാരിക്കുകയും ചെയ്തു.
മുഖ്യമന്ത്രി പിണറായി വിജയൻ പോകുമ്പോൾ ഇങ്ങനെയാണോ സുരക്ഷയൊരുക്കുന്നതെന്നും എന്തുകൊണ്ടാണ് നേരത്തെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്‌തില്ലെന്നും ഗവർണർ ചോദിച്ചു. തിരികെ വാഹനത്തിൽ കയറാൻ കൂട്ടാക്കാതെ അദ്ദേഹം റോഡരികിൽ തുടർന്നു.
അൻപതോളം പേരാണ് പ്രതിഷേധിച്ചതെന്ന് ഗവർണർ പറഞ്ഞു. പൊലീസ് സ്വയം നിയമം ലംഘിക്കുകയാണെന്നും പ്രധാനമന്ത്രിയെ വിളിക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു. എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുക്കണമെന്നാണ് ഗവർണറുടെ ആവശ്യം. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സെക്രട്ടറിയെ അദ്ദേഹം പരാതി അറിയിച്ചിട്ടുണ്ട്.