തൃക്കാക്കര നഗരസഭ-പ്രമേയത്തെ അതിജീവിച്ച് യുഡിഎഫ്

തൃക്കാക്കര നഗരസഭയില്‍ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തെ അതിജീവിച്ച് യുഡിഎഫ്. ക്വാറം തികയാത്തതിനാല്‍ അവിശ്വാസ പ്രമേയ നോട്ടിസ് പരിഗണിച്ചില്ല. 43 അംഗ കൗണ്‍സിലില്‍ 18 പേര്‍ മാത്രമാണ് യോഗത്തില്‍ പങ്കെടുത്തത്. ക്വാറം തികയാന്‍ 22 പേര്‍ വേണമെന്നിരിക്കെയാണ് പ്രമേയ അവതരണം പാളിയത്. ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ കൂടാതെ നാല് സ്വതന്ത്രരും യോഗത്തില്‍ നിന്ന് വിട്ടുനിന്നു.

അതേസമയം പ്രതിപക്ഷത്തിന്റെ സ്ഥിരം അടവുനയം പാളിയെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. അജിത തങ്കപ്പനെ മാറ്റിയില്ലെങ്കില്‍ വീണ്ടും അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന നിലപാടിലാണ് എല്‍ഡിഎഫ്. കൊവിഡ് ബാധിതയായ കൗണ്‍സിലറെ യോഗത്തിന് എത്തിച്ചിട്ടും എല്‍ഡിഎഫ് നീക്കം പരാജയപ്പെടുകയായിരുന്നു.

തൃക്കാക്കര നഗരസഭയില്‍ കഴിഞ്ഞ ദിവസം ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് യുഡിഎഫ് തര്‍ക്കം പരിഹരിച്ചത്. അതേസമയം, അധ്യക്ഷയ്‌ക്കെതിരായ വിജിലന്‍സ് അന്വേഷണം പ്രതിസന്ധിയിലാണ്. കേസെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് നല്‍കാത്തതിനാല്‍ തുടര്‍നടപടികള്‍ തടസപ്പെട്ടു. അജിത തങ്കപ്പനെതിരെ കേസെടുത്ത് അന്വേഷണം നല്‍കണമെന്ന് വിജിലന്‍സ് ശുപാര്‍ശ ചെയ്തിരുന്നു. വിജിലന്‍സ് ഡയറക്ടര്‍ക്ക് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി ആഴ്ചകളായിട്ടും സര്‍ക്കാര്‍ നടപടിയായിട്ടില്ല. സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ മാത്രമേ വിജിലന്‍സിന് അന്വേഷണവുമായി മുന്നോട്ട് പോകാന്‍ കഴിയുകയുള്ളു.

വിജിലന്‍സ് ഡയറക്ട്രേറ്റിന്റെ അനുമതി കിട്ടുന്ന മുറയ്ക്ക് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാണ് തീരുമാനം. കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് ഇതുവരെ നടത്തിയ അന്വേഷണം ക്വിക്ക് വേരിഫിക്കേഷന്‍ റിപ്പോര്‍ട്ടായി സമര്‍പ്പിച്ചിട്ടുണ്ട്. ആരോപണത്തില്‍ കഴമ്പുണ്ടെന്നും തുടരന്വേഷണം വേണമെന്നും ക്യു.വി റിപ്പോര്‍ട്ടില്‍ പറയുന്നു. ചെയര്‍പേഴ്സണെതിരായ കൃത്യമായ തെളിവുകള്‍ ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഓണക്കോടിക്കൊപ്പം നഗരസഭാ കൗണ്‍സിലര്‍മാര്‍ക്ക് ചെയര്‍പേഴ്‌സണ്‍ പണം നല്‍കിയെന്നാണ് ആരോപണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *