യു.എസിലെ നെവാഡയില്‍ തലച്ചോര്‍ കാര്‍ന്നുതിന്നുന്ന അപൂര്‍വ അമീബയുടെ ആക്രമണത്തിനിരയായ രണ്ട് വയസുകാരന് ദാരുണാന്ത്യം.വൂഡ്രോ ബണ്ടി എന്ന കുട്ടിയാണ് ഇന്നലെ മരണത്തിന് കീഴടങ്ങിയത്. ആഷ് സ്പ്രിംഗ്സിലുള്ള ജലാശയത്തില്‍ നിന്തുന്നതിനിടെയാകാം ‘ നേഗ്ലേറിയ ഫൗലേറി” എന്നറിയപ്പെടുന്ന അമീബ കുട്ടിയുടെ ശരീരത്തില്‍ പ്രവേശിച്ചതെന്ന് കരുതുന്നു.
ഏഴ് ദിവസം നീണ്ട പോരാട്ടത്തിനൊടുവിലാണ് വൂഡ്രോ മരണത്തിന് കീഴടങ്ങിയതെന്ന് മാതാവ് ബ്രയാന പറഞ്ഞു. ആദ്യം പനിയുടെ ലക്ഷണങ്ങളായിരുന്നു കുട്ടിക്ക്. അതിനുള്ള ചികിത്സയും നല്‍കി. എന്നിട്ടും ആരോഗ്യനില വഷളായതോടെ മാതാപിതാക്കള്‍ കുട്ടിയെ വീണ്ടും ആശുപത്രിയിലെത്തിച്ചു. കുട്ടിക്ക് മെനിഞ്ചൈറ്റിസ് ആണെന്നാണ് ഡോക്ടര്‍ ആദ്യം കരുതിയത്. വിദഗ്ദ്ധ പരിശോധനയിലാണ് നേഗ്ലേറിയ ഫൗലേറി ബാധിച്ചെന്ന് കണ്ടെത്തിയത്.വൂഡ്രോയെ രക്ഷിക്കാൻ കുടുംബം യു.എസിലെ സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആൻഡ് പ്രിവെൻഷനെ ( സി.ഡി.സി ) സമീപിച്ചെങ്കിലും സഹായിച്ചില്ലെന്ന് ആരോപണമുണ്ട്.

ഈ അമീബ ബാധിച്ച ഏതൊരാളെയും കാട്ടി കൂടുതല്‍ സമയം വൂഡ്രോ അതിജീവിച്ചു കഴിഞ്ഞെന്ന് സി.ഡി.സി പറഞ്ഞെന്നാണ് കുടുംബം വ്യക്തമാക്കുന്നത്.ജലാശയങ്ങളില്‍ നീന്തുമ്ബോള്‍ നേഗ്ലേറിയ ഫൗലേറി മനുഷ്യന്റെ മൂക്കിലൂടെ കടന്നാണ് തലച്ചോറിലെത്തുന്നത്. തുടര്‍ന്ന് തലച്ചോറിനെയും നാഡീവ്യൂഹത്തെയും നശിപ്പിക്കുന്നു. ഇവയുടെ ആക്രമണം അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസിന് കാരണമാകുന്നു. ഇത് ബാധിച്ച ഒരാള്‍ ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള സാദ്ധ്യത വളരെ കുറവാണ്. തലവേദന, പനി, രുചി വ്യത്യാസം, ഛര്‍ദ്ദി തുടങ്ങിയവയാണ് അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസിന്റെ പ്രധാന ലക്ഷണങ്ങള്‍.
ലക്ഷണങ്ങള്‍ കണ്ട് ഏഴ് മുതല്‍ പതിനാല് ദിവസത്തിനുള്ളില്‍ മരണം സംഭവിച്ചേക്കാം. ഉഷ്ണകാലത്ത് 27 ഡിഗ്രി സെല്‍ഷ്യസിലും കൂടുതല്‍ താപനിലയിലുള്ള ജലാശയങ്ങളില്‍ നേഗ്ലേറിയ ഫൗലേറിയുടെ സാന്നിദ്ധ്യം കൂടുതലാണ്. ജലാശയങ്ങളില്‍ നിന്തുന്നവര്‍ മൂക്കിലൂടെ വെള്ളം കയറാതെ നോക്കണമെന്ന് സി.ഡി.സി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സി.ഡി.സിയുടെ കണക്ക് പ്രകാരം 1962നും 2021നും ഈ രോഗം ബാധിച്ച 154 പേരില്‍ 4 പേര്‍ക്ക് മാത്രമാണ് യു.എസില്‍ ജീവൻ തിരിച്ചുകിട്ടിയത്.ഏകകോശ ജീവിയായ അമീബകള്‍ക്കിടയില്‍ ഏറ്റവും അപകടകാരിയാണ് നേഗ്ലേറിയ ഫൗലേറി.
നേഗ്ലേറിയ ഫൗലേറിയുടെ ആക്രമണത്തിന് വിധേയരായ ഒട്ടുമിക്കപേരും മരണത്തിന് കീഴടങ്ങിയതായാണ് പഠനങ്ങള്‍. നദികള്‍, തടാകങ്ങള്‍, കുളങ്ങള്‍, ഉഷ്‌ണജല പ്രവാഹങ്ങള്‍ എന്നിവിടങ്ങളില്‍ കാണപ്പെടുന്ന ഈ അമീബകളുടെ സാന്നിദ്ധ്യം ഉപ്പ് ജലത്തില്‍ കണ്ടെത്തിയിട്ടില്ല.വ്യവസായ ശാലകളില്‍ നിന്നും പുറംതള്ളുന്ന മലിനജലം, ക്ലോറിനേഷൻ നടത്താത്ത നീന്തല്‍ക്കുളം എന്നിവിടങ്ങളിലും നേഗ്ലേറിയ ഫൗലേറി കാണപ്പെടുന്നു. കെട്ടിക്കിടക്കുന്നതും ശുദ്ധീകരിക്കാത്തതുമായ ജലാശയങ്ങളാണ് ഇവയുടെ ആവാസകേന്ദ്രം.
40 ഡിഗ്രി ചൂട് വരെ താങ്ങാൻ ശേഷിയുള്ളവയാണ് നേഗ്ലേറിയ ഫൗലേറി. സ്ഥിരമായി ക്ലോറിനേഷൻ നടത്തുന്നതും, ഇടയ്‌ക്കിടയ്‌ക്ക് വെള്ളം മാറ്റുന്നതുമായ നീന്തല്‍ കുളങ്ങളില്‍ ഇക്കൂട്ടര്‍ കാണപ്പെടില്ല. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഒരു ഫ്ലോറിഡ സ്വദേശിയും ഇതേ അമീബയുടെ ആക്രമണത്തില്‍ മരിച്ചിരുന്നു. യു.എസില്‍ നേഗ്ലേറിയ ഫൗലേറി കേസുകള്‍ കൂടുന്നതായാണ് കണക്ക്.













