ഐസിസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ടു യുവതികള്‍ കണ്ണൂരില്‍ അറസ്റ്റിലായി.

കണ്ണൂര്‍: ഭീകരസംഘടനയായ ഐസിസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ടു യുവതികള്‍ കണ്ണൂരില്‍ അറസ്റ്റിലായി. താണ സ്വദേശികളായ ഷിഫ ഹാരിസ്, മിസ്ഹ സിദ്ദിഖ് എന്നിവരെയാണ് ഡല്‍ഹിയില്‍ നിന്നുള്ള എന്‍.ഐ.എ സംഘം അറസ്റ്റ് ചെയ്തത്. യുവതികള്‍ ക്രോണിക്കിള്‍ ഫൗണ്ടേഷന്‍ എന്ന പേരില്‍ ഗ്രൂപ്പുണ്ടാക്കി സമൂഹമാദ്ധ്യമത്തിലൂടെ ഐസിസിനായി ആശയപ്രചാരണം നടത്തിയെന്നാണ് എന്‍.ഐ.എ പറയുന്നത്. കൊച്ചി യൂണിറ്റിനെ പോലും അറിയിക്കാതെയാണ് ഡല്‍ഹി സംഘം കണ്ണൂരിലെത്തി അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാര്‍ച്ച്‌ മുതല്‍ യുവതികള്‍ എന്‍.ഐ.എ നിരീക്ഷണത്തിലായിരുന്നു. താണയിലെ ഇവരുടെ വീട്ടില്‍ നേരത്തെ എന്‍.ഐ.എ നടത്തിയ റെയ്ഡില്‍ ലാപ്‌ടോപ്, മൊബൈല്‍ ഫോണുകള്‍, ഹാര്‍ഡ് ഡിസ്‌ക്, പെന്‍ഡ്രൈവ് എന്നിവ പിടിച്ചെടുത്തിരുന്നു.ആറു മാസത്തിലധികം നീണ്ട അന്വേഷണത്തിലാണ് യുവതികളെ പിടികൂടിയത്. ഇവരുടെ കൂട്ടാളി മുസാദ് അന്‍വര്‍ നേരത്തെ അറസ്റ്റിലായിരുന്നു. സംഘാംഗമായ അമീര്‍ അബ്ദുള്‍ റഹ്മാനെ മംഗലാപുരത്ത് നിന്ന് ഓഗസ്റ്റ് നാലിന് അറസ്റ്റ് ചെയ്‌തെന്നാണ് സൂചന.
താണയിലെ ഇവരുടെ ബന്ധു വീട്ടില്‍ നടത്തിയ റെയ്ഡില്‍ എന്‍.ഐ.എ നോട്ടീസ് നല്‍കിയ യുവാവിനെയും യുവതിയെയും കഴിഞ്ഞ മാര്‍ച്ചില്‍ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ യുവതി ഐസിസില്‍ ചേരാന്‍ സിറിയയിലേക്ക് പോകുന്നതിനിടെ ടെഹ്രാന്‍ എയര്‍പോര്‍ട്ടില്‍ വച്ച്‌ ഇറാക്ക് സൈന്യം പിടികൂടി തിരികെ ഇന്ത്യയിലേക്ക് അയച്ചതാണ്. അറസ്റ്റിലായ ഷിഫ ഹാരിസിനും മിസ്ഹ സിദ്ദിഖിനും നേരത്തേ പിടിയിലായവരുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞിരുന്നു.

ഇവര്‍ കണ്ണൂരില്‍ താമസിച്ച്‌ കേരളത്തിലടക്കം ഐസിസ് റിക്രൂട്ട്‌മെന്റ് നടത്തുന്ന ഏജന്റാണെന്നാണ് എന്‍.ഐ.എയുടെ കണ്ടെത്തല്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *