കൊല്ലം കരുനാഗപ്പളളിയില്‍ ഒരുകോടി രൂപയുടെ ലഹരിവസ്തുക്കളുമായി രണ്ട് ലോറികള്‍ പിടിയില്‍


കൊല്ലം കരുനാഗപ്പളളിയില്‍ ഒരുകോടി രൂപയുടെ ലഹരിവസ്തുക്കളുമായി രണ്ട് ലോറികള്‍ പിടിയില്‍. ഇതിലൊരു ലോറി സിപിഎം നേതാവിന്‍റെ ഉടമസ്ഥതയിലുള്ളതാണ്. ആലപ്പുഴ നഗരസഭയിലെ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ എ. ഷാനവാസിന്റെ ലോറിയാണിത്. ലോറി കട്ടപ്പന സ്വദേശി ജയന് വാടകയ്ക്ക് നല്‍കിയതാണെന്നാണ് ഷാനവാസിന്റെ വിശദീകരണം.ഇന്നലെ പുലര്‍ച്ചെയാണ് പച്ചക്കറികള്‍ക്കൊപ്പം കടത്താന്‍ ശ്രമിച്ച 98 ചാക്ക് പുകയില ഉത്പന്നങ്ങള്‍ രണ്ട് ലോറികളില്‍ നിന്നായി കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്. ഇതില്‍ കെ.എല്‍ 04 എ.ടി 1973 എന്ന നമ്പറിലുള്ള ലോറി ഷാനവാസിന്റെ പേരിലുള്ളതാണ്.


ആലപ്പുഴ കേന്ദ്രീകരിച്ചുള്ള സംഘമാണ് പുകയില ഉത്പന്നങ്ങള്‍ കടത്തിയതിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. വാഹനയുടമയായ ഷാനവാസിന് കേസില്‍ പങ്കുണ്ടോയെന്നു അന്വേഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.സംഭവത്തില്‍ രണ്ട് ആലപ്പുഴ സ്വദേശികളുള്‍പ്പെടെ മൂന്ന് പേരുടെ അറസ്റ്റ് കൂടി പൊലീസ് രേഖപ്പെടുത്തി. ആലപ്പുഴ സ്വദേശികളായ ഇജാസ്, സജാദ് കരുനാഗപ്പള്ളി സ്വദേശിയായ ഷമീര്‍ എന്നിവരാണ് പിടിയിലായത്. കര്‍ണാടകയില്‍ നിന്നുമാണ് പാന്‍മസാലകള്‍ എത്തിച്ചതെന്ന് പ്രതികള്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.




Sharing is Caring