ഭക്ഷ്യ വിഷബാധയേറ്റ് രണ്ടര വയസ്സുകാരന്‍ മരിച്ച സംഭവം : കല്യാണ വീട്ടിലേക്ക് ഭക്ഷണം എത്തിച്ച കടകള്‍ ആരോഗ്യ വകുപ്പ് അടപ്പിച്ചു

ഭക്ഷ്യ വിഷബാധയേറ്റ് രണ്ടര വയസ്സുകാരന്‍ മരിച്ച സംഭവത്തിന് പിന്നാലെ കല്യാണ വീട്ടിലേക്ക് ഭക്ഷണം എത്തിച്ച കടകള്‍ ആരോഗ്യ വകുപ്പ് അടപ്പിച്ചു.അതിനിടയില്‍, പ്രാഥമിക ചികില്‍സ നല്‍കിയ ആശുപത്രിക്ക് വീഴ്ച സംഭവിച്ചുണ്ടെന്ന ആരോപണവുമായി കുട്ടിയുടെ ബന്ധുക്കള്‍ രംഗത്തെത്തി.

പോസ്റ്റുമോര്‍ട്ടത്തില്‍ മരണകാരണം എന്താണെന്ന് വ്യക്തമാകാത്തതിനെ തുടര്‍ന്ന് കുട്ടിയുടെ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. നരിക്കുനിയിലെ സ്വകാര്യ ആശുപത്രിയില്‍ മൂന്ന് തവണ കുട്ടിയെ കൊണ്ട് പോയിരുന്നു. എന്നാല്‍ ഭക്ഷണം കഴിച്ചതിന് ശേഷമാണ് അസ്വസ്ഥത അനുഭവപ്പെട്ടത് എന്ന് അറിയിച്ചിട്ടും ആശുപത്രി അധികൃതര്‍ അത് പരിഗണിച്ചില്ലെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

വധുവിന്റെ വീട്ടിലെ വിവാഹ സല്‍ക്കാരത്തില്‍ യാമിന്‍ പങ്കെടുത്തിരുന്നു. അതുകൊണ്ടാണ് രണ്ടിടത്തും ഭക്ഷണം വിതരണം ചെയ്ത കടക്കാരോട്, മരണകാരണം കണ്ടെത്തുന്നതു വരെ കടകള്‍ അടച്ചിടാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. നരിക്കുനി വീരമ്ബ്രം ചങ്ങളംകണ്ടി അക്ബറിന്റെ മകന്‍ മുഹമ്മദ് യമിനാണ് ശനിയാഴ്ച പുലര്‍ച്ചെ മരിച്ചത്. ആദ്യം വയറു വേദന അനുഭവപ്പെടുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയോടെ യാമിന്റ നില ഗുരുതരമായി. ഭക്ഷണം കഴിച്ച്‌ അവശനിലയിലായ ആറ് കുട്ടികളും ചികിത്സയിലാണ്. വിവാഹവീട്ടില്‍ നിന്നും പാര്‍സലായി കൊണ്ടു വന്ന ഭക്ഷണം കഴിച്ച സമീപ വീടുകളിലെ കുട്ടികള്‍ക്കാണ് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായത്.

ആകെ 11 കുട്ടികളെയാണ് വെള്ളിയാഴ്ച വൈകിട്ടോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ നാല് പേര്‍ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തിരുന്നു. കുട്ടികളെ മാത്രമാണ് ഇതുവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *