ധാക്ക: ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി ശ്രീലങ്ക കിരീടം നേടി. ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യന്‍ ടീമിന് 130 റണ്‍സ് മാത്രം വിട്ടുകൊടുത്ത ശ്രീലങ്ക നാല് വിക്കറ്റ് നഷ്ടത്തിലാണ് കിരീടം സ്വന്തമാക്കിയത്. ഈ മത്സരത്തോടെ ക്രിക്കറ്റിന്റെ ഏറ്റവും ചെറുരൂപമായ ട്വന്റി 20 മത്സരങ്ങളോട് വിടവാങ്ങിയ മുന്‍ ലങ്കന്‍ ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാരയാണ് ഫൈനലിലെ മാന്‍ ഓഫ് ദ മാച്ച്. സംഗക്കാര 35 പന്തില്‍ പുറത്താകാതെ നേടിയ 52 റണ്‍സാണ് ശ്രീലങ്കന്‍ വിജയത്തിന്റെ അടിത്തറ.
സ്‌കോര്‍: ഇന്ത്യ 20 ഓവറില്‍ 4ന് 130, ശ്രീലങ്ക 17.5 ഓവറില്‍ 4ന് 132. മത്സരത്തില്‍ ഉടനീളം മികച്ച ഫോം നിലനിര്‍ത്തിയ വിരാട് കോഹ്‌ലിയാണ് മാന്‍ ഓഫ് ദ ടൂര്‍ണമെന്റ്. ഫൈനലില്‍ 58 പന്തില്‍ 77 റണ്‍സ് കോഹ്‌ലി നേടിയെങ്കിലും ഇന്ത്യയെ കിരീടത്തിലേക്ക് പിടിച്ചുയര്‍ത്താന്‍ അദ്ദേഹത്തിന്റെ മികച്ച പ്രകടനത്തിനും കഴിഞ്ഞില്ല. മറ്റ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ ലങ്കന്‍ ബൗളിംഗിന് മുന്നില്‍ അടിയറവ് പറഞ്ഞതോടെ വിരാട് കോഹ്‌ലിക്ക് അവസാന ഓവറുകളില്‍ സ്‌ട്രൈക്ക് ലഭിക്കാതെ നിസഹായനായി നില്‍ക്കേണ്ടിവന്നു. ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു.
FLASHNEWS