ഇരുചക്ര, മുച്ചക്ര വാഹന രംഗത്തെ പ്രമുഖ നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി ആഗോള വിപണിക്കായുള്ള മെയ്ഡ് ഇന്‍ ഇന്ത്യ സംരംഭങ്ങള്‍ ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോ 2024ല്‍ പ്രധാനമന്ത്രിക്കു മുന്‍പില്‍ അവതരിപ്പിച്ചു.
ഏകദേശം ഒരു ബില്ല്യന്‍ ഡോളറാണ് കമ്പനിയുടെ കയറ്റുമതി. 80 രാജ്യങ്ങളില്‍ സാന്നിദ്ധ്യമുള്ള കമ്പനിയുടെ ആകെ ബിസിനസിന്‍റെ 30 ശതമാനം വരും ഇത്. മികച്ചതും, കണക്റ്റഡും സാങ്കേതിക മികവാര്‍ന്ന മൊബിലിറ്റി പരിഹാരങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനി ആത്മനിര്‍ഭര്‍ ഭാരതിനെ പിന്തുണയ്ക്കുന്നു. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കയറ്റുമതി 50 ശതമാനത്തിലെത്തിക്കും.
ഇന്ത്യയെ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയാക്കി മാറ്റുന്നതില്‍ പങ്കുവഹിച്ച പ്രധാനമന്ത്രിയെ ടിവിഎസ് മോട്ടോര്‍ കമ്പനി മാനേജിങ് ഡയറക്ടര്‍ സുദര്‍ശന്‍ വേണു നന്ദി അറയിച്ചു. ഭാവിയിലെ സാങ്കേതികവിദ്യകള്‍, ഉല്‍പ്പന്നങ്ങള്‍, ഡിജിറ്റല്‍ കഴിവുകള്‍ എന്നിവയുടെ രൂപകല്‍പ്പന, വികസനം, വിന്യാസം എന്നിവയ്ക്കായി 5,000 കോടി രൂപ നിക്ഷേപിക്കുന്നതിനുള്ള കമ്പനിയുടെ പ്രതിബദ്ധത അദ്ദേഹം ആവര്‍ത്തിച്ചു.
ബാറ്ററി നിര്‍മ്മാണം, ബാറ്ററി മാനേജ്മെന്‍റ് സിസ്റ്റം, വെഹിക്കിള്‍ കണ്‍ട്രോള്‍ യൂണിറ്റ്, ഇന്‍ഫോടെയ്ന്‍മെന്‍റ് സിസ്റ്റം എന്നിവയുള്‍പ്പെടെയുള്ള ഇന്‍ഹൗസ് ഇവിയും കണക്റ്റഡ് കഴിവുകളും ഉള്ള ഇന്ത്യയിലെ ഏക ഒഇഎം ആണ് ടിവിഎസ്. മെറ്റീരിയല്‍ സയന്‍സ്, ഇലക്ട്രിക് പവര്‍ട്രെയിന്‍, ഡാറ്റാ സയന്‍സ് തുടങ്ങിയ നൂതന സാങ്കേതിക വിദ്യകളില്‍ 2,000ത്തിലധകം എഞ്ചിനീയര്‍മാര്‍ പ്രവര്‍ത്തിക്കുന്ന 650-ലധികം ഇവിയുമായി ബന്ധപ്പെട്ട പേറ്റന്‍റുകളുണ്ട്. സ്മാര്‍ട്ട് കണക്റ്റിവിറ്റിയിലും ഡിജിറ്റല്‍ സാങ്കേതിക വിദ്യകളിലും മുന്നില്‍ നില്‍ക്കുന്നു. ലോകത്തെ ഏറ്റവും ആധുനിക കണക്റ്റഡ് ഇലക്ട്രിക് സ്കൂട്ടര്‍ ടിവിഎസ് എക്സ് കമ്പനി അവതരിപ്പിച്ചത് ഈയിടെയാണ്. കമ്പനിയുടെ ഗവേഷണ, വികസസന ശേഷിയുടെ അവതരണമാണിത്. കമ്പനിയുടെ ഫ്ളാഗ്ഷിപ്പ് ഇലക്ട്രിക് സ്കൂട്ടറായ ടിവിഎസ് ഐക്യൂബിന് ഇതിനകം 2,50,000 ഉപഭോക്താക്കളുണ്ട്.
കമ്പനിയുടെ റോഡ് മാപ്പില്‍ പ്രധാനമന്ത്രി താല്‍പര്യം പ്രകടിപ്പിച്ചതിലൂടെ തങ്ങള്‍ ആദരിക്കപ്പെട്ടിരിക്കുകയാണെന്നും സര്‍ക്കാരിന്‍റെ പിന്തുണയ്ക്കു നന്ദിയുണ്ടെന്നും സുദര്‍ശന്‍ പറഞ്ഞു.