ഫെയ്സ്ബുക്കിലേക്കും ഇന്‍സ്റ്റഗ്രാമിലേക്കും ട്രെംപിന്റെ വിലക്ക് നീക്കി

വാഷിങ്ടണ്‍; അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇനി ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും കാണാം.രണ്ട് വര്‍ഷം മുന്‍പ് ട്രംപിന് ഏര്‍പ്പെടുത്തിയ വിലക്കാണ് സോഷ്യല്‍ മീഡിയ ഭീമന്‍ മെറ്റ നീക്കിയത്. മെറ്റ തന്നെയാണ് വിവരം പുറത്തുവിട്ടത്.

വരും ആഴ്ചകളില്‍ ട്രംപിന്റെ ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ പ്രവര്‍ത്തനക്ഷമമാകും. എന്നാല്‍ കടുത്ത നിയന്ത്രണങ്ങളോടെയാകും ട്രംപിനെ തിരിച്ചുകൊണ്ടുവരുന്നത് എന്നാണ് മെറ്റയുടെ ഗ്ലോബല്‍ അഫയേഴ്സിന്റെ പ്രസിഡന്റ് നിക്ക് ക്ലെഗ് പറയുന്നത്. മെറ്റയുടെ നയങ്ങള്‍ ലംഘിച്ചാല്‍ ഒരു മാസം മുതല്‍ രണ്ടു വര്‍ഷം വരെ വിലക്ക് നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഫെയ്സ്ബുക്കിലേക്കും ഇന്‍സ്റ്റഗ്രാമിലേക്കുമുള്ള തിരിച്ചുവരവിനെക്കുറിച്ച്‌ ട്രംപ് ഇതുവരെ പ്രതികരിച്ചിട്ടില്ല.യു.എസ് കാപിറ്റോള്‍ കലാപത്തിനു പിന്നാലെ അക്രമത്തിന് ആഹ്വാനം ചെയ്തുവെന്ന കുറ്റത്തിന് രണ്ടുവര്‍ഷം മുമ്ബാണ് ട്രംപിന് ഫേസ്ബുക്കില്‍ നിന്നും ഇന്‍സ്റ്റഗ്രാമില്‍ നിന്നും വിലക്കേര്‍പെടുത്തിയത്.

അടുത്തിടെ തന്റെ ഫെയ്സ്ബുക്കിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച്‌ ട്രംപ് പ്രതികരിച്ചിരുന്നു. താന്‍ പോയതോടെ കോടിക്കണക്കിന് രൂപയുടെ നഷ്ടം മെറ്റയ്ക്കുണ്ടായി എന്നാണ് ട്രംപ് പറഞ്ഞത്. ഞങ്ങള്‍ക്ക് അവരെ ആവശ്യമുള്ളതിനെക്കാള്‍ അവര്‍ക്കാണ് ഞങ്ങളെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ട്രംപിന്റെ ട്വിറ്റര്‍ വിലക്ക് നീക്കാന്‍ പുതിയ മേധാവി ഇലോണ്‍ മസ്ക് തീരുമാനിച്ചിരുന്നു. അതിനിടെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മൂന്നാമതും മത്സരിക്കാന്‍ ഒരുങ്ങുകയാണ് ട്രംപ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *