വാഷിംഗ്ടണ്‍: 2020ലെ പ്രസിഡൻഷ്യല്‍ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസില്‍ യു.എസ് മുൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ നാല് കുറ്റങ്ങള്‍ ചുമത്തി.20 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്. ട്രംപ് ഇന്ന് വാഷിംഗ്ടണിലെ കോടതിയില്‍ ഹാജരാകും.
2021 ജനുവരി ആറിന് നടന്ന ക്യാപിറ്റല്‍ ആക്രമണ കേസില്‍ ട്രംപിനുള്ള പങ്ക് സംബന്ധിച്ച അന്വേഷണമാണ് കുറ്റംചുമത്തലില്‍ എത്തിയിരിക്കുന്നത്. അടുത്ത വര്‍ഷം നടക്കുന്ന പ്രസിഡൻഷ്യല്‍ തിരഞ്ഞെടുപ്പില്‍ ട്രംപ് മത്സരിക്കുന്നുണ്ട്. തനിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ നിഷേധിച്ച ട്രംപ്, അവ പരിഹാസ്യമാണെന്ന് പ്രതികരിച്ചു.45 പേജുള്ള കുറ്റപത്രത്തില്‍ ട്രംപിനൊപ്പം ആറ് സഹഗൂഢാലോചനക്കാരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

2020 നവംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായിരുന്ന ജോ ബൈഡനോട് പരാജയപ്പെട്ടത് മുതല്‍ ട്രംപ് അനുകൂലികള്‍ അമേരിക്കൻ പാര്‍ലമെന്റ് മന്ദിരമായ കാപിറ്റലിന് നേരെ ആക്രമണം നടത്തിയത് വരെയുള്ള രണ്ട് മാസക്കാലയളവിലെ ട്രംപിന്റെ നീക്കങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. പരാജയം സമ്മതിക്കാൻ ട്രംപ് തയാറായിരുന്നില്ല. ബൈഡന്റെ വിജയം തള്ളാൻ അന്നത്തെ വൈസ് പ്രസിഡന്റ് മൈക്ക് പെൻസിനോട് ആവശ്യപ്പെട്ട ട്രംപ് കാപിറ്റലിലേക്ക് മാര്‍ച്ച് നടത്തണമെന്ന് അണികളോട് ആഹ്വാനവും ചെയ്തിരുന്നു.
ട്രംപിനെതിരെ ചുമത്തിയ കുറ്റങ്ങള്‍
യു.എസിനെ കബളിപ്പിക്കാനുള്ള ഗൂഢാലോചന
സാക്ഷികളെ അട്ടിമറിക്കാൻ ശ്രമം
പൗരന്മാരുടെ അവകാശങ്ങള്‍ക്കെതിരായ ഗൂഢാലോചന
ഔദ്യോഗിക നടപടി തടസ്സപ്പെടുത്തല്‍
നിലവില്‍ ട്രംപിനെതിരെയുള്ള കേസുകള്‍
ആകെ ക്രിമിനല്‍ കേസുകള്‍ – 3
1. രഹസ്യരേഖാ കേസ് – വൈറ്റ് ഹൗസില്‍ നിന്ന് ഇറങ്ങിയ ശേഷവും സുപ്രധാന രഹസ്യരേഖകള്‍ സൂക്ഷിച്ചതിന്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ട്രംപിന്റെ ഫ്ലോറിഡയിലെ മാര്‍ – അ – ലാഗോ വസതിയില്‍ എഫ്.ബി.ഐ നടത്തിയ റെയ്ഡില്‍ 11,000 രേഖകള്‍ പിടിച്ചെടുത്തിരുന്നു. ( 40 ക്രിമിനല്‍ കുറ്റങ്ങള്‍ )
2. സ്റ്റോമി ഡാനിയല്‍സ് വിവാദം – അവിഹിത ബന്ധം വെളിപ്പെടുത്താതിരിക്കാൻ പോണ്‍ താരം സ്റ്റോമി ഡാനിയേല്‍സിന് 1,30,000 ഡോളര്‍ ( ഒരു കോടിയില്‍ പരം രൂപ ) അഭിഭാഷകൻ വഴി നല്‍കി. 2016ല്‍ ട്രംപ് വിജയിച്ച പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെയായിരുന്നു ഇത്. രഹസ്യങ്ങള്‍ വെളിപ്പെടുത്തില്ലെന്ന കരാര്‍ ( നോണ്‍ ഡിസ്‌ക്ലോഷര്‍ എഗ്രിമെന്റ് ) പ്രകാരം പണം നല്‍കിയത് കുറ്റമല്ല. എന്നാല്‍ ഇത് ഇലക്ഷൻ നിയമങ്ങള്‍ക്ക് വിരുദ്ധമായി ബിസിനസ് ചെലവാക്കി കാണിച്ചുള്ള രേഖകളാണ് വിനയായത്. ( 34 ക്രിമിനല്‍ കുറ്റങ്ങള്‍ )
3. 2020ലെ പ്രസിഡൻഷ്യല്‍ തിരഞ്ഞെടുപ്പ് പരാജയം അട്ടിമറിക്കാൻ ശ്രമിച്ചു. ( 4 ക്രിമിനല്‍ കുറ്റങ്ങള്‍ )
മൂന്ന് കേസുകളിലുമായി ചുമത്തപ്പെട്ട ആകെ ക്രിമിനല്‍ കുറ്റങ്ങള്‍ – 78
ജയിലില്‍ കിടന്നാലും പിന്നോട്ടില്ല !
അടുത്ത വര്‍ഷം നവംബറില്‍ നടക്കുന്ന പ്രസിഡൻഷ്യല്‍ തിരഞ്ഞെടുപ്പിലേക്കുള്ള റിപ്പബ്ലിക്കൻ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനുള്ള ഉള്‍പ്പാര്‍ട്ടി പോരില്‍ ( പ്രൈമറി ) ട്രംപ് മത്സരിക്കുന്നുണ്ട്. പ്രൈമറി സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും മുന്നിലുള്ളത് ട്രംപ് തന്നെയാണ്. എന്ത് വന്നാലും മത്സരത്തില്‍ നിന്ന് പിന്മാറില്ലെന്നും ജയിലില്‍ പോകേണ്ടി വന്നാല്‍ അവിടെ നിന്നും മത്സരിക്കുമെന്നാണ് ട്രംപ് വ്യക്തമാക്കിയിട്ടുള്ളത്. അമേരിക്കൻ നിയമ പ്രകാരം ട്രംപിനെതിരെ ചുമത്തപ്പെട്ട കേസുകള്‍ അദ്ദേഹത്തെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കുന്നതല്ല.













