ഇന്ത്യ തിരിച്ചടിക്കുമെന്ന് എല്ലാവര്‍ക്കുമറിയാമായിരുന്നു; അറിഞ്ഞത് അല്‍പസമയം മുമ്പ്; എല്ലാം പെട്ടന്ന് അവസാനിക്കട്ടെയെന്ന് ട്രംപ്; സംയമനം പാലിക്കണമെന്ന് യുഎന്‍

പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ ആദ്യ പ്രതികരണവുമായി
അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഇന്ത്യ തിരിച്ചടിക്കുമെന്ന് എല്ലാവര്‍ക്കുമറിയാമായിരുന്നു. തിരിച്ചടി അറിഞ്ഞത് അല്‍പ്പസമയം മുന്‍പാണ്. എല്ലാം പെട്ടന്ന് അവസാനിക്കട്ടെയെന്നും ട്രംപ് പറഞ്ഞു. ഇന്ത്യ സംയമനം പാലിക്കണമെന്ന് യുഎന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ആക്രമണത്തില്‍ പാക്കിസ്ഥാനിലെയും പാക് അധീന കാഷ്മീരിലെയും ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തുവെന്ന് ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരിട്ട മിഷനിലൂടെ പാക്കിസ്ഥാനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ച് തകര്‍ത്തതായി സൈന്യം അറിയിച്ചു. നീതി നടപ്പാക്കിയെന്ന് സൈന്യം എക്‌സില്‍ പോസ്റ്റ് ചെയ്തു. ആക്രമണത്തില്‍ 12 ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.

ബഹാവല്‍പൂരിലും മുസാഫറബാദിലും കോട്‌ലിയിലും മുറിഡ്‌കെയിലും ആക്രമണം നടന്നു. മിസൈല്‍ ആക്രമണമാണ് നടന്നതെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആക്രമണം ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെ മാത്രമെന്ന് സേന വ്യക്തമാക്കിയിട്ടുണ്ട്. പാക് സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണം നടത്തിയിട്ടില്ലെന്നും സൈന്യം അറിയിച്ചു. ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണങ്ങള്‍ പ്രധാനമന്ത്രിയുടെ മേല്‍നോട്ടത്തിലാണ് നടന്നത്.

പഹല്‍ഗാമില്‍ കഴിഞ്ഞമാസം 22ന് വിനോദ സഞ്ചാരികള്‍ക്ക് നേരെ നടന്ന ഭീകരാക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. ഇതിന് തിരിച്ചടിനല്‍കാന്‍ സൈന്യത്തിന് സര്‍ക്കാര്‍ പൂര്‍ണ അധികാരം നല്‍കിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *