സ്വകാര്യ ബസ് ജീവനക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍


സ്വകാര്യ ബസ് ജീവനക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. എറണാകുളം മഹാരാജാസ് കോളജിന് മുമ്പില്‍ വച്ചായിരുന്നു ഇന്നലെ ബസ് കണ്ടക്ടറെ മര്‍ദ്ദിച്ചത്. എസ്എഫ്‌ഐ പ്രവര്‍ത്തകരായ അനന്തു, ഷിഹാബ്, അശ്വിന്‍ എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


ഇവരുടെയും അറസ്റ്റ് വൈകാതെ രേഖപ്പെടുത്തും. വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സെഷനുമായി ബന്ധപ്പെട്ട് സ്വകാര്യ ബസ് ജീവനക്കാരുമായി നേരത്തെ നിലനിന്നിരുന്ന തര്‍ക്കത്തിന്റെ തുടര്‍ച്ചയാണ് ഇന്നലെയുണ്ടായ അക്രമം.ചോറ്റാനിക്കര-ആലുവ റൂട്ടിലോടുന്ന ‘സാരഥി’ എന്ന ബസിലെ കണ്ടക്ടര്‍ ജെഫിന്‍ ജോര്‍ജിനാണ് മര്‍ദനമേറ്റത്. നേരത്തെ കണ്‍സെഷന്‍ സംബന്ധിച്ച് ബസ് ജീവനക്കാരന്‍ ജെഫിന്‍ എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയംഗം ഷിഹാബിനെ മര്‍ദിച്ചതായി പരാതിയുണ്ടായിരുന്നു.


ഷിഹാബും കണ്ടക്ടര്‍ ജെഫിനും തമ്മില്‍ കണ്‍സഷന്‍ നല്‍കാത്തതുമായി ബന്ധപ്പെട്ട് ജൂണ്‍ 13ന് സംഘര്‍ഷമുണ്ടായിരുന്നു. ഷിഹാബിന്റെ പരാതിയില്‍ ബസ് ജീവനക്കാര്‍ക്കെതിരെ സെന്‍ട്രല്‍ പൊലീസ് കേസ് എടുത്തിട്ടുണ്ട്.



Sharing is Caring