പ്രിയദര്‍ശന്റെ സിനിമകളില്‍ അച്ചാറായിട്ടാണെങ്കിലും ഞാനൊരു മൂലയില്‍ കാണും; നന്ദു

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കുന്ന സിനിമ ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ഡിസംബര്‍ രണ്ടിനാണ് തിയേറ്ററുകളിലെത്തുന്നത്. ആദ്യം ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലായിരിക്കും ചിത്രം റിലീസ് ചെയ്യുക എന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് തിയേറ്റര്‍ റിലീസ് പ്രഖ്യാപിക്കുകയായിരുന്നു. സിനിമയില്‍ ഒരു സുപ്രധാന വേഷം അവതരിപ്പിച്ച നന്ദുവാണ് തന്റെ പുതിയ സിനിമയുടെ വിശേഷങ്ങള്‍ പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്.

‘പ്രിയന്‍ ചേട്ടന്റെ മലയാള സിനിമയില്‍ മാത്രമല്ല, അദ്ദേഹത്തിന്റെ ഹിന്ദി, തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ എനിക്ക് വേഷം തന്ന ഡയറക്ടറാണ് പ്രിയദര്‍ശന്‍. ആ ലൊക്കേഷനുകളിലെത്തുമ്പോള്‍ വീട്ടിലെത്തുന്നപോലെയാണ്,’ നന്ദു പറയുന്നു.

പ്രിയദര്‍ശന്റെ സിനിമകളില്‍ തനിക്ക് എന്തെങ്കിലുമൊരു വേഷം അദ്ദേഹം കരുതിവെക്കാറുണ്ടെന്നും നന്ദു പറയുന്നു. ‘പ്രിയന്‍ ചേട്ടന്റെ പലസിനിമകളിലും ഒരു അച്ചാറായിട്ടാണെങ്കിലും ഞാനൊരു മൂലയില്‍ കാണും. അതുപോലെ തന്നെ ഒരു ബ്രഹ്‌മാണ്ഡ ചിത്രത്തില്‍ അച്ചാറല്ല എന്നാലും അതിനേക്കാള്‍ കുറച്ചുകൂടെ നല്ലൊരു വേഷം തന്നു.

വലിയ ക്യാന്‍വാസിലുള്ള സിനിമയാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. അതിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് തന്നെ വലിയൊരു ഭാഗ്യം. കുതിരവട്ടത്ത് നായര്‍ എന്ന സാമൂതിരിയുടെ മന്ത്രിയുടെ വേഷമാണ് ചെയ്തത്. സായിപ്പുമായി സംസാരിക്കാന്‍ പറ്റുന്ന ഇംഗ്ലീഷ് അറിയുന്ന മലയാളിയുടെ കഥാപാത്രമാണത്,’ താരം പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *