കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യുന്നവർ

സ്വാതന്ത്ര്യത്തിന്റെ പലവർണക്കുടകൾ ചൂടിനടക്കുന്ന പുതുതലമുറ അറിഞ്ഞിരിക്കാനിടയില്ലാത്തതും പഴയ തലമുറയിൽ നിന്ന് ഒരിക്കലും മാഞ്ഞുപോവാനിടയില്ലാത്തതുമായതാണ് 1975-1977 കാലഘട്ടത്തിലെ അടിയന്തരാവസ്ഥ.ഭരണകൂടഭീകരത കൊടികുത്തി വാണ പതിനെട്ടു മാസങ്ങൾ.കേന്ദ്രത്തിൽ ഇന്ദിരാ​ഗാന്ധിയുടെയും കേരളത്തിൽ ഇന്ദിരാ​ഗാന്ധിയുടെ വിശ്വസ്തൻ കെ.കരുണാകരന്റെയും പോലീസ് അഴിച്ചുവിട്ട അടിച്ചമർത്തലുകളുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും ഒരുപാട് കഥകൾ.മനുഷ്യമനസ്സാക്ഷിയെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ നക്സൽവേട്ട നടന്ന കാലം.ആ കാലഘട്ടത്തിന്റെ നേര് ചോരാത്ത ചിത്രീകരണമാണ് കോഴിക്കോട് ഓറിയന്റൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബാനറിൽ പുറത്തിറക്കിയ കാറ്റ് വിതച്ചവർ എന്ന ഒ.ടി.ടി റിലീസ് ചിത്രം.

1977ൽ മുഖ്യമന്ത്രിയായ കെ.കണാരന്റെ രാജിയിലേക്ക് നയിച്ച കാരണങ്ങളിലേക്ക് വെളിച്ചം വീശുന്ന സംഭവങ്ങളിലൂടെയാണ് ചിത്രം പുരോ​ഗമിക്കുന്നത്. 1976ൽ അടിയന്തരാവസ്ഥ കൊടുമ്പിരിക്കൊണ്ടിരുന്ന കാലത്ത് നക്സൽ ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത് ജയിലിലടക്കപ്പെട്ട് പിന്നീട് വിട്ടയക്കപ്പെട്ടവരുടെ കൂട്ടത്തിൽ കോഴിക്കോട് ആർ .ഇ.സി യിലെ എ‍ഞ്ചിനിയറിങ് വിദ്യാർത്ഥി പി.രാജനെ മാത്രം കാണാനില്ലെന്ന ആരോപണമാണ് മുഖ്യമന്ത്രി കണാരന്റെ രാജിയിലേക്ക് നയിച്ചത്. രാജന്റെ പിതാവ് പ്രൊഫ.ഈച്ചരവാര്യർ അടിയന്തരാവസ്ഥ പിൻവലിക്കപ്പെട്ട ശേഷം കോടതിയിൽ കൊടുത്ത ഹേബിയസ് കോർപ്പസ് ഹർജിയിൽ രാജന്റെ തിരോധാനം അന്വേഷിക്കണമെന്നാവശ്യപ്പെടുകയും സമർത്ഥനും സൗമ്യനുമായ ഉദ്യോ​ഗസ്ഥൻ ഡി ജി പി ബാല​ഗോപാലിന്റെ നേത്ൃത്വത്തിലുള്ള അന്വേഷണസംഘം അതുവരെയുള്ള നക്സൽ നേതാക്കളുമായി ബന്ധപ്പെട്ട് രാജന് എന്തു സംഭവിച്ചു എന്ന് കണ്ടെത്തുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.

രാജനെ കസ്റ്റഡിയിൽ എടുത്തിട്ടേയില്ലെന്ന് ആവർത്തിച്ചു പറയുന്ന കേരളാ പോലീസിന്റെ നേരെയാണ് സംശയത്തിന്റെ മുന നീളുന്നത്.അതിനുവേണ്ടി ആ​ദ്യകാല വിപ്ലവനേതാക്കളായ നക്സൽ വർ​ഗ്ഗീസിന്റെയും കുന്നേൽ നാരായണന്റേയും മകൾ സജിതയുമടക്കമുള്ളവരുടേയും ജയിലിലടയ്ക്കപ്പെട്ട വേണുവടക്കമുള്ള നക്സൽ നേതാക്കളുടേയും വിപ്ലവജീവിതത്തിലേയ്ക്ക് കഥ എത്തിനോക്കുന്നുണ്ട് .അന്വേഷണം പുരോ​ഗമിക്കുന്നതിനനുസരിച്ച് രാജന്റെ ഉറ്റബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും നക്സൽ നേതാക്കളുടേയും മൊഴികളിലൂടെ രാജനെന്ന സമർത്ഥനായ വിദ്യാർത്ഥിയുടെ ജീവിതത്തിലേയ്ക്കും ആ കാലഘട്ടത്തിലെ നക്സൽപ്രസ്ഥാനത്തിന്റെ ചരിത്രത്തിലേയ്ക്കും സിനിമ പ്രേക്ഷകനെ കൊണ്ടുപോകുന്നു.ഒപ്പം,അധികാരരാഷ്ട്രീയവും പോലീസും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിലേയ്ക്കും ..

അടിയന്തരാവസ്ഥക്കാലത്ത് കേരളം കണ്ട ഏറ്റവും വലിയ മനുഷ്യാവകാശലംഘനമാണ് രാജൻകേസ്. ഏകമകനെ നഷ്ടപ്പെട്ട ഒരു പിതാവിന്റെ നിസ്സഹായവ്യഥകളെ കൊഞ്ഞനംകുത്തി നോക്കിനിന്ന ഭരണകൂടത്തോട് ചിത്രത്തിലെ ഒരു വിപ്ലവനേതാവ് ചോ​ദിച്ച സഖാവ് എന്നുമുതലാണ് വിപ്ലവം മറന്നത് എന്ന ചോദ്യം എല്ലാത്തരം അനീതികൾക്കും അവകാശലംഘനങ്ങൾക്കും നേരെ കണ്ണടയ്ക്കുന്ന വിപ്ലവം മറന്നുപോകുന്ന എക്കാലത്തേയും എല്ലാ സഖാക്കളോടുമുള്ള ചോദ്യമായി മുഴങ്ങിനില്ക്കും.കേരളത്തിലെ മനുഷ്യാവകാശങ്ങൾക്ക് തുടക്കം കുറിച്ചത് രാജൻ കേസാണെന്ന് പറഞ്ഞുവെക്കുന്ന സിനിമ ലക്ഷ്യം നല്ലതും മാർ​ഗം ചീത്തയായതുമായ എല്ലാ സമരമാർ​ഗങ്ങളും അവയെ അടിച്ചമർത്തുന്ന പോലീസ്-ഭരണകൂട വ്യവസ്ഥയും തമ്മിലുള്ള സംഘർഷങ്ങളെ വരച്ചുകാണിക്കുന്നു.

പ്രൊഫ.സതീഷ് പോൾ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും ഒരുക്കിയ ചിത്രത്തിനു പിന്നിൽ പ്രവർത്തിച്ചത് കോഴിക്കോട് ഓറിയന്റൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ അധ്യാപകരും വിദ്യാർത്ഥികളുമാണ്.പുതുമുഖങ്ങളെ വെച്ച് പരിമിതമായ സൗകര്യങ്ങളുപയോ​ഗിച്ച് ചുരുങ്ങിയ ചെലവിലാണ് ചിത്രീകരണം നടത്തിയത്.കേരളത്തിലെ നക്സൽ പ്രസ്ഥാനത്തിന്റെ എക്കാലത്തേയും ധീരനേതാവായ വ‌‌ർ​ഗീസി​ന്റെ പ്രവർത്തനങ്ങളും മരണരം​ഗങ്ങളും പ്രേക്ഷകന് മുന്നിൽ തുറന്ന്കാണിക്കുന്നത് പോരിടങ്ങളിൽപ്പൊരുതിയേറുവാൻ പിറന്നൊരാ എന്നു തുടങ്ങുന്ന ഒരേയൊരു ​ഗാനരം​ഗത്തിലൂടെയാണ്.ഈയടുത്ത കാലത്ത് മലയാളത്തിലുണ്ടായ മികച്ച വിപ്ലവ​ഗാനമാണ് പ്രശസ്ത നാടൻപാട്ടുകലാകാരനായ ​ഗിരീഷ് ആമ്പ്ര എഴുതി പ്രമോദ് ചെറുവത്തൂർ സം​ഗീതം നൽകിയ ഈ ​ഗാനം.

1966 മുതൽ അടിയന്തരാവസ്ഥക്കാലം വരെയുള്ള ഒരു കാലഘട്ടത്തിന്റെ ചരിത്രം പറയാൻ ശ്രമിച്ച സിനിമയെന്ന നിലയിൽ സാങ്കേതികമായ ചില പോരായ്മകൾ പറയാതെ വയ്യ.കാലപ്പഴക്കം തോന്നിക്കാൻ പ്രത്യേക കളർ ടോണുപയോ​ഗിക്കാൻ ശ്രദ്ധിച്ച അണിയറപ്രവർത്തകർ അക്കാലത്ത് സാധാരണക്കാർ പോലും ഉടുതുണിയ്ക്ക് മറുതുണിയില്ലാതെ കഷ്ടപ്പെടുന്ന കാലമെന്നോർക്കാതെയാവും വയനാടിന്റെ ഉൾക്കാടുകളിലെ കാടിന്റെ മക്കൾക്ക് ​ഗാനചിത്രീകരണരം​ഗത്തും പറമ്പിൽ പണിയെടുക്കുന്ന രം​ഗങ്ങളിലും പുതിയ ഫാഷനിലുള്ള ബ്ലൗസ് അണിയിച്ചുകൊടുത്തത്. ഒരിത്തിരിനേരം മിന്നിമറയുന്ന രം​ഗമാണെങ്കിൽപ്പോലും എന്തോ ഒരു അരോചകത്വം മനോഹരമായ തനത് സം​ഗീതത്തിന് ചുവട് വെക്കുന്ന കാടിന്റെ മക്കളെ കാണുമ്പോൾ പ്രേക്ഷകനുണ്ടാകുന്നുണ്ട്.അതേപോലെ സംഭാഷണങ്ങളിലെ നാടകീയതകൾ കടന്നുവന്നിട്ടുള്ളതും.ഇത്തരം ചെറിയ ചെറിയ പോരായ്മകൾ മാറ്റിനിർത്തിയാൽ കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യുന്നവർ എന്ന ബൈബിൾ വാക്യം കടമെടുത്ത സിനിമ നീതിയും ന്യായവും നിഷേധിക്കപ്പെടുന്നിടത്ത് മനസ്സാക്ഷിയുള്ള ആരും ചെയ്യുന്ന കാര്യങ്ങൾ ചെയ്ത ഒരു കാലഘട്ടത്തിലെ ഒരു പ്രസ്ഥാനത്തിന്റെ ചരിത്രം തുറന്നുവെക്കുന്നതിനോടൊപ്പം ഏറ്റവും മികച്ച ഒരു കുറ്റാന്വേഷണചിത്രം എന്ന നിലയിലും ശ്രദ്ധേയമാകുന്നു.

ഏറ്റവും മികച്ച അന്വേഷണാത്മകചിത്രത്തിനുള്ള കേരള സ്റ്റേറ്റ് ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ച ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് പ്രകാശ് ബാരെയും ടിനി ടോമും ആണ്.മലയാളത്തിലെ മികച്ച ഡോക്യുഫിക്ഷൻ ചിത്രമായ കാറ്റു വിതച്ചവർ കേരളത്തിലെ നക്സൽവേട്ടയുടെ ഭീകരതയേയും ഒരിയ്ക്കലും തെളിയിക്കപ്പെടാത്ത കുറ്റം ചാർത്തി പിടികൂടിയ നിരപരാധിയായ ഒരു വിദ്യാർത്ഥിയുടെ തിരോധാനത്തേയും മകന് നീതികിട്ടാൻ വേണ്ടി അവൻ ഒരിയ്ക്കലും തിരിച്ചുവരില്ലെന്നറിഞ്ഞുകൊണ്ടുതന്നെ മരണം വരെ എല്ലാം അടക്കിപ്പിടിച്ചുകൊണ്ട് അവനേയും അന്വേഷിച്ച് കേരളക്കരയാകെ നിശ്ശബ്ദം തേങ്ങലുയർത്തിക്കൊണ്ട് നടന്ന ഒരച്ഛന്റേയും ഇന്നും നൊമ്പരപ്പെടുത്തുന്ന ഓർമകളായി അടയാളപ്പെടുത്തപ്പെടും.

താര കണ്ണോത്ത്

Spread the love

Leave a Reply

Your email address will not be published. Required fields are marked *