ഇന്ത്യയില്‍നിന്ന് വാക്‌സിന്‍ എടുത്തവര്‍ക്ക് യു.എ.ഇയിലേക്ക് ഇപ്പോള്‍ നേരിട്ട്‌ മടങ്ങാനാവില്ല

ദുബായ്: യു.എ.ഇയിലേക്ക് പ്രവാസികൾക്കുള്ള യാത്രാതടസ്സം താത്കാലികമായി നീങ്ങിയെങ്കിലും പൂർണ്ണമായി ആശ്വസിക്കാനുള്ള വകയില്ല.യു.എ.ഇ. അംഗീകരിച്ച കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ച താമസവിസയുള്ള ഇന്ത്യക്കാർക്ക് വ്യാഴാഴ്ച മുതൽ നിബന്ധനകളോടെ യു.എ.ഇ.യിലേക്ക് തിരിച്ചുവരാമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, യു.എ.ഇയിൽ വെച്ച് രണ്ടു ഡോസ് വാക്സിനുകളും എടുത്തവർക്കാണ് ആദ്യഘട്ടത്തിൽ രാജ്യത്തേക്ക് നേരിട്ട് കടക്കാനുള്ള അനുമതിയുള്ളത്.

ഇന്ത്യയിൽനിന്ന് വാക്സിനെടുത്തവരെ അടുത്ത ഘട്ടത്തിലേ പരിഗണിക്കൂവെന്നാണ് അറിയുന്നത്. കഴിഞ്ഞ ദിവസം യാത്രാ നിയന്ത്രണം നീക്കിയുള്ള യു.എ.ഇ. അധികൃതരുടെ ഉത്തരവിൽ അവ്യക്തത നിലനിന്നിരുന്നു. എന്നാൽ, വിമാന കമ്പനികൾക്കും മറ്റും നൽകിയ നിർദേശത്തിലാണ് അധികൃതർ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുന്നത്.

യു.എ.ഇയിൽ കോവിഡ് വാക്സിനേഷൻപൂർത്തിയാക്കിയ, യു.എ.ഇ. താമസവിസയുള്ള നിർദിഷ്ട കാറ്റഗറികളിൽപ്പെട്ടവർക്കാണ് നാളെ മുതൽ യു.എ.ഇയിലേക്ക് യാത്രാ അനുമതി. വാക്സിൻ രണ്ടാം ഡോസെടുത്തിട്ട് 14 ദിവസം പിന്നിട്ടിവരാകണമെന്നും നിർദേശമുണ്ട്.

യു.എ.ഇയിൽ ജോലി ചെയ്യുന്ന ഡോക്ടർമാർ, നഴ്സുമാർ, ടെക്നീഷ്യൻസ് എന്നിവരുൾപ്പെടുന്ന ആരോഗ്യ പ്രവർത്തകർ, സർവകലാശാലകൾ, കോളേജുകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്നവർ, വിദ്യാർഥികൾ, മാനുഷിക പരിഗണന നൽകേണ്ടവരിൽ സാധുവായ താമസവിസയുള്ളവർ, ഫെഡറൽ, ലോക്കൽ ഗവ. ഏജൻസികളിൽ പ്രവർത്തിക്കുന്നവർ എന്നീ വിഭാഗങ്ങളിൽപ്പെട്ട എല്ലാവർക്കും ഓഗസ്റ്റ് അഞ്ചു മുതൽ യു.എ.ഇയിലേക്ക് മടങ്ങാം. ഡോക്ടർമാർ, നഴ്സുമാർ, അധ്യാപകർ എന്നിവർക്ക് വാക്സിനേഷൻ നിർബന്ധമില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *