
ഇടുക്കി ചിന്നക്കനാലിനെ വിറപ്പിച്ച ഒറ്റയാൻ അരികൊമ്പനെ പറമ്പിക്കുളത്ത് പുനരധിവസിപ്പിക്കാനുളള വിദഗ്ദ സമിതി തീരുമാനത്തിനെതിരെ ജനകീയ പ്രതിഷേധം. സി.പി.ഐ.എമ്മിന്റെ നേതൃത്വത്തില്‍ പറമ്പിക്കുളം കടുവാ സങ്കേതത്തിലെ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യലയത്തിലേക്ക് മാര്‍ച്ച് നടത്തി. തുടര്‍ സമരങ്ങള്‍ തീരുമാനിയ്ക്കാന്‍ നാളെ സര്‍വകക്ഷിയോഗം ചേരുമെന്ന് കെ ബാബു എംഎല്‍എ അറിയിച്ചു.
പതിനൊന്ന് ആദിവാസി കോളനികളിലായി രണ്ടായിരത്തി അഞ്ഞൂറോളം പേര്‍ താമസിക്കുന്നുണ്ട് മേഖലയില്‍. ആനയെ എത്തിക്കുന്ന ഒരുകൊമ്പന്‍ റേഞ്ചിനു അടുത്തു തന്നെയാണ് കുരിയാര്‍ കുറ്റി ആദിവാസി കോളനി. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റരുതെന്നാവശ്യപ്പെട്ട് നെന്‍മാറ എംഎല്‍എ കെ ബാബു മുഖ്യമന്ത്രി, വനം മന്ത്രി, വനം വകുപ്പ് സെക്രട്ടറി, പട്ടിക ജാതി പട്ടിക വര്‍ഗ വകുപ്പ് മന്ത്രി എന്നിവര്‍ക്ക് കത്തു നല്‍കി.

തുടര്‍ സമരങ്ങള്‍ തീരുമാനിയ്ക്കാന്‍ നാളെ മുതലമടയില്‍ സര്‍വകക്ഷി യോഗം ചേരുന്നുണ്ട്. കോടതിയെ സമീപിയ്ക്കുന്നതും ആലോചനയിലാണ്. അരിക്കൊമ്പനെ ചിന്നക്കനാലില്‍ നിന്ന് പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള ഹൈക്കോടതി ഉത്തരവ് ബുധനാഴ്ച പുറത്ത് വന്നിരുന്നു. പറമ്പിക്കുളം മുതുവരച്ചാല്‍ മേഖലയിലേക്ക് അരിക്കൊമ്പനെ മാറ്റണമെന്നും ഇതാണ് ഏറ്റവും അനുയോജ്യമായ സ്ഥലമെന്നും വിദഗ്ധ സമിതി കോടതിയെ അറിയിച്ചിരുന്നു.
