ഇനി ബി​ഗ് സ്ക്രീനില്‍; തിയറ്ററുകള്‍ ഇന്ന് തുറക്കും, സിനിമാ പ്രദര്‍ശനം ബുധനാഴ്ച മുതല്‍

കൊച്ചി: സംസ്ഥാനത്ത് നീണ്ടനാളായി അടച്ചിട്ടിരുന്ന തിയറ്ററുകള്‍ ഇന്ന് തുറക്കും. ബുധനാഴ്ചയോടെ മാത്രമേ സിനിമാ പ്രദര്‍ശനം ആരംഭിക്കുകയുള്ളൂ. അന്യഭാഷാ ചിത്രങ്ങളോടെയാണ് തിയറ്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ജെയിംസ് ബോണ്ടിന്‍റെ ‘നോ ടൈം ടു ഡൈ’ ആണ് ഉ​ദ്ഘാടന ചിത്രം. ജോജു ജോര്‍ജ്ജ് പൃഥ്വിരാജ് ചിത്രം സ്റ്റാറാണ് നീണ്ട കാത്തിരിപ്പിനൊടുവില്‍ തിയറ്ററുകളില്‍ റിലീസിന് എത്തുന്ന മലയാള ചിത്രം.

‘കുറുപ്പ്’ നവംബര്‍ 12ന്

വെള്ളിയാഴ്ച മുതല്‍ എല്ലായിടത്തും സാധാരണ പോലെ ഷോ തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. തമിഴ്-ഹിന്ദി ദീപാവലി റിലീസുകള്‍ അടുത്തയാഴ്ച എത്തും. നവംബര്‍ ആദ്യവാരം രജനികാന്തിന്‍റെ അണ്ണാത്തെ, അക്ഷയ് കുമാറിന്‍റെ സൂര്യവംശി എന്നീ ചിത്രങ്ങളുടെ റിലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ദുല്‍ഖര്‍ സല്‍മാന്റെ ‘കുറുപ്പ്’ നവംബര്‍ 12ന് റിലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. നവംബര്‍ 19നാണ് ആസിഫ് അലി – രജിഷ വിജയന്‍ ചിത്രം എല്ലാം ശരിയാകും റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ‘കാവല്‍’, ‘ഭീമന്റെ വഴി’ തുടങ്ങിയ ചിത്രങ്ങള്‍ നവംബ‍ര്‍ പകുതിയോടെ റിലീസ് ചെയ്യുമെന്നാണ് വിവരം.

പകുതി സീറ്റില്‍ മാത്രം പ്രവേശനം

50ശതമാനം സീറ്റിംഗ് നിയന്ത്രണത്തോടെയാണ് തിയറ്ററുകള്‍ തുറക്കാന്‍ അനുവദിച്ചിരിക്കുന്നത്. വാക്സിന്‍ രണ്ടു ഡോസും എടുത്തിരിക്കണമെന്നും നിര്‍ബന്ധമാണ്. അതേസമയം ഒറ്റ ഡോസ് വാക്സിന്‍ എടുത്തവരെയും അനുവദിക്കണമെന്നും തിയറ്ററുകളില്‍ 100 ശതമാനം പ്രവേശനത്തിന് അനുമതി വേണമെന്നും ഫിയോക് ആവശ്യപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *